പിടിച്ചു വാങ്ങണം ആ പാതിയാകാശം
|വിദ്യാഭ്യാസത്തിലൂടെ പുതിയ ലോക ബോധവും തൊഴിലിലൂടെ സാമ്പത്തികവും സാമൂഹ്യവുമായ സ്വാതന്ത്ര്യവും മുഴുവൻ സ്ത്രീകളും ആർജിക്കുമ്പോൾ പുരുഷൻ ഒടിച്ചു മടക്കി ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ പാതിയാകാശം തിരിച്ചു കൊടുക്കേണ്ടിവരും
കുരീപ്പുഴ ശ്രീകുമാറിന്റെ ഒരു കവിതയുണ്ട് -
ചേട്ടാ ഞാനിന്നൊരു ചെടി നട്ടു.
അയാൾ തടം നനച്ചു.
ചേട്ടാ ഞാനിന്നൊരു പുതിയ കറി വച്ചു.
അയാൾ അത്താഴിച്ച് അഭിനന്ദിച്ചു.
ചേട്ടാ ഞാനിന്നൊരു കവിതയെഴുതി.
അന്നാ വീട്ടിലെ സ്റ്റൗ പൊട്ടിത്തെറിച്ചു.
ഇന്നലെയും ഇന്നും ഒരു പക്ഷേ നാളെയും സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയവസ്ഥയെയാണ് കുരീപ്പുഴ ലളിതവും സരളമനോഹരവുമായി കവിതയിൽ ആവാഹിച്ച് ആവിഷ്ക്കരിച്ചിരിക്കുന്നത്. കുടുംബത്തിൽ-സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനവും പദവി മൂല്യവും എന്താണെന്നന്ന് പുരുഷ കേന്ദ്രിത അധികാര ധിക്കാരങ്ങൾ മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രത്യയശാസ്ത്ര പരിസരത്തെയാണ് കവിത നിശിതമായി ഇവിടെ ചോദ്യം ചെയ്യുന്നത്. നൂറ്റാണ്ടുകളായി സ്ത്രീയനുഭവിക്കുന്ന അടിമത്തത്തിന്റെ തുടർച്ചയാണ് സമകാലിക ജീവിതത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ത്രീക്ക് നേരെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ ക്രൂരമായ ആക്രമണങ്ങൾ. ഇൗ അതിക്രമങ്ങളെ ഒരു വ്യക്തിയുടെ മനോവൈകല്യങ്ങളായി കുറച്ചു കാണാതെ ആണധികാരത്തിന്റെ അഹന്തയും മുൻവിധിയും തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതുണ്ട്. പുരുഷാധികാര ധിക്കാരങ്ങളെ അർത്ഥപൂർണമായും ആത്മാർഥമായും ചോദ്യം ചെയ്യണമെങ്കിൽ നമ്മുടെ ഉള്ളിലുള്ള ആൺകോയ്മാ മനോഭാവത്തെ കാരുണ്യ ലേശമില്ലാതെ മുറിച്ചു മാറ്റേണ്ടതുണ്ട്. കൊമ്പൻ മീശയുടെ പ്രപഞ്ച ബോധം മസിലുരുട്ടി പേടി വിതറുന്ന ഒരു സാമൂഹ്യാവസ്ഥ ശ്വസിക്കുകയും അതിൽ പുലരുകയും ചെയ്യുന്ന എല്ലാവരിലും-സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ-ഏറിയും കുറഞ്ഞും സ്ത്രീവിരുദ്ധത നിലീനമായി കിടപ്പുണ്ടാവും. അവസരം വരുമ്പോൾ കൊമ്പും കുളമ്പുമായി അത് സ്ത്രീക്ക് നേരെ പാഞ്ഞടുക്കുന്നത് കാണാം. ചിലത് നേർക്ക് നേരെയാണെങ്കിൽ പലതും സൂക്ഷ്മമായ ആണധികാര പ്രത്യയശാസ്ത്രം കൊണ്ടുള്ള പരിക്കേൽപിക്കലാവും എന്ന് മാത്രം.
നമ്മുടെ പഴഞ്ചൊല്ലുകൾ നോക്കൂ-എത്രമാത്രം സ്ത്രീവിരുദ്ധവും മനുഷ്യ വിരുദ്ധവുമാണവ. പെൺ ചൊല്ലു കേട്ടാൽ പെരുവഴിയിൽ, പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മാനും തടുത്തു കൂടാ, ആണുള്ളപ്പോൾ പെണ്ണ് ഭരിച്ചാൽ തൂണുള്ളപ്പോൾ പുര താഴെ, പെണ്ണാകുന്നതിൽ നല്ലത് മണ്ണാകുന്നത്, പെണ്ണുങ്ങളുടെ മുടിക്ക് നീളം കൂടും ബുദ്ധിക്ക് നീളം കുറയും-അങ്ങനെ എത്രയെത്ര പഴഞ്ചൊല്ലുകളിലാണ് സ്ത്രീയുടെ ബുദ്ധിയേയും ശരീരത്തെയും സാമൂഹ്യ പദവിയെയും രൂക്ഷമായി പരിഹസിക്കുന്നത്- നാനൂറിലധികം പഴഞ്ചൊല്ലുകളെങ്കിലും മലയാളത്തിൽ ഇവ്വിധമുണ്ട് എന്ന കാര്യം - ഭൂതകാലകേരളം എത്രമാത്രം സ്ത്രീവിരുദ്ധമായിരുന്നു എന്ന് വെളിപ്പെടുത്തുന്നു. പുരുഷാധിപത്യം അട്ടഹസിക്കുന്ന പരമ്പരാഗത കുടുംബങ്ങളുടെ അകത്തളങ്ങളിൽ സ്വപ്നവും സ്വാതന്ത്ര്യവും കെട്ടുപോയ - രക്തസാക്ഷികളായിപ്പോയ കോടാനുകോടി സ്ത്രീകളുടെ നിശ്ശബ്ദ വേദനകൾ ഇനിയും രേഖപ്പെടുത്തിയിട്ടില്ല - നമ്മൾ തിരിച്ചറിഞ്ഞിട്ടില്ല. ജാതിയും മതവും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും പുരുഷാധികാര ധിക്കാരങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.
സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്ന് പല കാലങ്ങളിൽ- പല ലോകങ്ങളിൽ പലതരത്തിൽ ഈ സംഘ പ്രത്യയശാസ്ത്രങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. കുടുംബം മുതൽ രാഷ്ട്രം വരെ വ്യാപിച്ചുകിടക്കുന്ന വ്യവസ്ഥയിലെല്ലാം സ്ത്രീ അടിമയും അധമയുമാണെന്ന് പ്രചണ്ഡ പ്രചരണം തന്ത്രപരമായി നടത്തുന്നു. സ്ത്രീയുടെ സ്വപ്നങ്ങളുടെയും സങ്കൽപങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും അഭിഭാഷണം ഈ സാംസ്കാരിക സ്ഥാപനങ്ങളൊന്നും ചെവിക്കൊള്ളില്ല. ഭൂമിയിൽ പാതിയാകാശത്തിന്നുടമകളാണ് സ്ത്രീകളെന്ന് അംഗീകരിച്ചു കൊടുക്കില്ല. മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും അനുവദിക്കില്ല. സ്ത്രീക്ക് വോട്ടവകാശവും വിദ്യാഭ്യാവകാശവും ഒരു കാലത്ത് കൊടുത്തിരുന്നില്ല എന്ന ഭീതിദമായ അറിവ് നമ്മെ അകമേ പിളർത്തേണ്ടതാണ്. ശൈശവ വിവാഹവും സതി സമ്പ്രദായവുമൊക്കെ എത്രമേൽ ഭീകരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഒാർക്കുക. സാമ്പത്തികമോ രാഷ്ട്രീയമോ സാമൂഹ്യമോ കുടുംബപരമോ ആയ അവകാശത്തിന് വേണ്ടി ലോകത്തിൽ എവിടെയെല്ലാം എങ്ങനെയെല്ലാം എത്ര കാലം പോരാട്ടവും പ്രതിരോധവും നടത്തേണ്ടി വന്നു എന്നാലോചിക്കുമ്പോൾ പുരുഷവർഗം ലജ്ജ കൊണ്ട് പലവട്ടം മരിക്കേണ്ടി വരും.
മനുഷ്യവംശത്തോളം പഴക്കമുള്ളതും സമൂഹജീവിതത്തിന്റെ എല്ലാ തലങ്ങളിലും വേരിറങ്ങിയതുമായ ആണധികാരം എന്ന ഇൗ ജീർണ്ണതയെ സമ്പൂർണ്ണമായും കയ്യൊഴിയാത്തിടത്തോളം ഗാർഹികവും സാമൂഹ്യവുമായ ഉപദ്രവങ്ങൾ ഇനിയും തുടരും. മലയാളത്തിലെ ഏറ്റവും ശക്തമായ സ്ത്രീപക്ഷ കവിതയായ ആറ്റൂർ രവിവർമയുടെ സംക്രമണത്തിൽ ചില പ്രഹര ശേഷിയുള്ള വരികളുണ്ട്. പുറപ്പെട്ടേടത്താണവൾ ഒരായിരം കാതം നടന്നിട്ടും ഉണർന്നിട്ടില്ലവളൊരായിരം നെഞ്ചിൽ ചവിട്ടു കൊണ്ടിട്ടും കുനിഞ്ഞു വീഴുന്നുണ്ടവൾ ഒരായിരം വട്ടം നിവർന്ന് നിന്നിട്ടും - മനുഷ്യവംശം യാത്ര തുടങ്ങിയിട്ട് യുഗങ്ങളായെങ്കിലും സ്ത്രീയവസ്ഥ ഇപ്പോഴും നൂറ്റാണ്ടുകൾക്ക് പുറകിൽ നിൽക്കുകയാണ്. ജീവിതവും കാലവും മാറുമ്പോൾ മനുഷ്യനും മാറണം - ഏറ്റവും സാഹോദര്യത്തോടും കരുണയോടും സഹഭാവത്തോടും സ്ത്രീയോട് പെരുമാറാൻ കഴിയുന്നില്ലെങ്കിൽ പുരുഷൻ, മനുഷ്യൻ എന്ന പദവിലെത്താതെ ഇപ്പോഴും അപരിഷ്കൃതയുഗത്തിന്റെ ബോധവുമായി അപകടകാരിയായിത്തീരുകയാണ് ചെയ്യുക.
സ്ത്രൈണ സ്വത്വത്തെയും ലൈംഗികതയെയും സ്ത്രീ പുരുഷ ബന്ധത്തെയും സംബന്ധിച്ച നിശിതവും ജനാധിപത്യപരവുമായ സാംസ്കാരിക വിദ്യാഭ്യാസം സാധ്യമാകുന്ന സന്ദർഭത്തിൽ മാത്രമേ പുരുഷൻ മനുഷ്യനാവുകയുള്ളൂ. ഭൗതികവും ആത്മീയവുമായി സ്ത്രീയനുഭവിക്കുന്ന സകല പേരില്ലാ പ്രശ്നങ്ങളുടെയും വേരുകൾ സൂക്ഷ്മമായി ചികഞ്ഞാൽ നാമെത്തി ചേരുക ഈ ആണധികാരത്തിന്റെ മലിന ബോധത്തിലാണ്. തലമുറ തോറും സ്ത്രീയനുഭവിച്ചുകൂട്ടുന്ന അവമാനവും അവഗണനയും അവഹേളനവും പ്രശ്നവൽക്കരിക്കുന്ന ചർച്ചകൾ സുപ്രധാനമാണ്. പുരുഷ കേന്ദ്രിതമായ ആശ്രിതത്വമാണ് നമ്മുടെ സാംസ്കാരിക വ്യവഹാരങ്ങളുടെ അടിപ്പടവായി നിൽക്കുന്നതെന്ന അവസ്ഥ മാറണം. അത്തരം ആശ്രിതത്വത്തിൽ നിന്നുള്ള വിമോചനം മനുഷ്യവിമോചനമായി തന്നെ കാണണം. സ്ത്രീയുടെ സ്വാതന്ത്ര്യ സങ്കല്പ്പം, സൗന്ദര്യബോധം, സംതൃപ്തി തുടങ്ങിയവയൊന്നും പുരുഷൻ വ്യാഖ്യാനിക്കേണ്ടതല്ല എന്ന ധീരമായ പ്രഖ്യാപനം വരേണ്ടതുണ്ട്.
പുരുഷൻ കണ്ടതും കൊണ്ടുമായ സ്ത്രൈണദർശം - feminine mystique അകമേ പിളർത്തി - ഭേദിച്ച് - പൊതു സ്ത്രൈണ സ്വത്വത്തിന്റെ ഭൂപടം വരയ്ക്കാനുള്ള പല നിലയ്ക്കുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ചർച്ചകളും സംവാദങ്ങളും സ്ത്രീപക്ഷ എഴുത്തുകളുമെല്ലാം. ലോകത്തെയും അനുഭവത്തെയും സ്ത്രീ ആവിഷ്ക്കരിക്കുമ്പോൾ തീർച്ചയായും പുതിയ ഭൂപ്രദേശവും സാമൂഹ്യബോധത്തിന്റെ നവീനമായ വൻകരയും സാധ്യമാവുമെന്ന് വിചാരിക്കുന്നു. വീട്ടിനുള്ളിലെ മാലാഖ - Angel in the house എന്ന വ്യാജ പദവി കയ്യൊഴിയാനുള്ള ആത്മബലം സ്ത്രീ ആർജ്ജിക്കേണ്ടതുണ്ട്. നൂറ്റാണ്ടുകളായി അകപ്പെട്ടു പോയ അകത്തെയും പുറപ്പെട്ടു പോരേണ്ട - സ്വാതന്ത്ര്വവും മാനുഷികതയും ധാർമ്മികതയും നീതിയും സമത്വവും പുലരുന്ന ലോകത്തെയും തിരിച്ചറിയാൻ സ്ത്രീക്ക് സാധിക്കണം. ഇക്കാലമത്രയും ഓരോ സ്ത്രീയും കടന്നു വന്ന സഹനത്തിന്റെ മഹാസമുദ്രം കാണാനും എരിച്ചിലിന്റെ മഹാ ശൈലം തിരിച്ചറിയാനും സ്ത്രീക്കും പുരുഷനും ചരിത്രബോധവുമുണ്ടാകണം. അവന്റെ കഥയിൽ - his story -യിൽ രേഖപ്പെടുത്താത്ത അവളുടെ കഥ - her story അഥവാ herstory കണ്ടെടുക്കാനും കഴിയണം.
ഇരയ്ക്ക് വേട്ടയുടെ ധനാത്മക തത്ത്വശാസ്ത്രം പഠിപ്പിച്ച്, മാനസികമായി അടിമയാക്കി മാറ്റുന്ന സകല സംഘടിത നീക്കങ്ങളെയും നിർധാരണം ചെയ്യാൻ എന്ന് സ്ത്രീക്ക് കഴിയുന്നോ അന്ന് മാത്രമേ സ്ത്രൈണ സ്വാതന്ത്ര്യത്തിന്റെ സൂര്യോദയം ഭൂമിയിൽ സാധ്യമാവുകയുള്ളൂ. ചപലതയുടെയും വിഢിത്തത്തിന്റെയും പിൻ ബുദ്ധിയുടെയും മാംസനിബദ്ധതയുടെയും പര്യായമായി സ്ത്രീയെ കാലങ്ങമായി തന്ത്രപരമായി പരിണമിപ്പിച്ച ആ കുടില ബുദ്ധി പുരുഷാധിപത്യ വ്യവസ്ഥ തന്നെയെന്നും - അവൻ പല രൂപത്തിൽ വരാമെന്നും അതാണ് ഏറ്റവും വലിയ ഫാസിസമെന്നും നാം ഏറെ ജാഗ്രതയോടെ തിരിച്ചറിയുക എന്നത് കാലത്തിന്റെ അനിവാര്യത കൂടിയാണ്. വിദ്യാഭ്യാസത്തിലൂടെ പുതിയ ലോക ബോധവും തൊഴിലിലൂടെ സാമ്പത്തികവും സാമൂഹ്യവുമായ സ്വാതന്ത്ര്യവും മുഴുവൻ സ്ത്രീകളും ആർജിക്കുമ്പോൾ പുരുഷൻ ഒടിച്ചു മടക്കി ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ പാതിയാകാശം തിരിച്ചു കൊടുക്കേണ്ടിവരും.