ആദ്യ പാഠങ്ങള്‍ പകര്‍ന്ന പറവൂരും പേരാമ്പ്രയും
|കുട്ടികളെ പഠിപ്പിക്കാന്‍ ഒരു വര്‍ഷത്തെ ബിരുദം എന്തിനാണെന്ന് തോന്നിയിരുന്നു അന്ന്. എന്നാല്‍, വിദ്യാഭ്യാസ മനഃശാസ്ത്രവും അധ്യാപനത്തിന്റെ രീതിശാസ്ത്രവും വിവിധ വിദ്യാഭ്യാസ ചിന്താ പദ്ധതികളും പരിചയപ്പെട്ടപ്പോഴാണ് പഠിപ്പിക്കല്‍ എന്നത് അത്ര ലഘുവായി കാണേണ്ട ഒന്നല്ല എന്ന് മനസ്സിലാക്കുന്നത്. | ഒക്ടോബര്‍ 05: ലോക അധ്യാപക ദിനം
എം.എ മലയാളം ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷം ബി.എഡ് പഠനത്തിനായി വീടിനടുത്തു നിന്ന് എപ്പോഴും ബസ്സ് യാത്രാസൗകര്യമുള്ള മൂത്തകുന്നം എസ്.എന്‍.എം ട്രെയിനിങ് കോളജാണ് തെരെഞ്ഞെടുത്തത്. കോളജില്‍ ഒരു ദിവസത്തെ സെഷന്‍ ബി.എഡ് ബിരുദത്തിനു ചേര്‍ന്നതിന്റെ ലക്ഷ്യങ്ങള്‍ എല്ലാ വിദ്യാര്‍ഥികളും പറയുക എന്നതായിരുന്നു. ഞങ്ങളുടെ പ്രിന്‍സിപ്പല്‍ സുരാജ് ബാബുസാറാണ് ജനറല്‍ ക്ലാസ്സില്‍ ഇങ്ങനെയൊന്ന് സംഘടിപ്പിച്ചത്. എല്ലാ വിഷയക്കാരും ക്ലാസ്സില്‍ ഉണ്ടായിരുന്നു. ഭൂരിഭാഗവും പെണ്‍കുട്ടികള്‍. ചിലരൊക്കെ വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഒക്കെ ഉള്ളവര്‍. എങ്കിലും വിവാഹം കഴിയാത്ത ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് വിവാഹമാര്‍ക്കറ്റില്‍ ബി.എഡ് ബിരുദം ഉള്ളവര്‍ക്ക് കുറച്ചുകൂടി വിലയുണ്ടെന്നാണ്. ആലുവ യു.സി കോളജില്‍ നിന്നും വിവിധ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം കഴിഞ്ഞ് ബി.എഡിന് ചേര്‍ന്ന കുറച്ചധികം പേര്‍ എന്നെപ്പോലെ അന്ന് മൂത്തക്കുന്നത്തുണ്ടായിരുന്നു. പിന്നീട് ഐ.എ.എസ് കിട്ടി മുംബൈ കളക്ടറായി മാറിയ ഷൈലാ ബീവിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഷൈലയും മറ്റൊരു അഭിപ്രായം പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നില്ല.
എം.എ മലയാളം കഴിഞ്ഞ് ബി.എഡിനു ചേരുമ്പോള്‍ ഒരു ജോലി കിട്ടുക എന്നതിനപ്പുറം വലിയ ചിന്താ പദ്ധതികളൊന്നും മനസ്സില്‍ കണക്കുകൂട്ടിയിരുന്നില്ല. അധ്യാപക ദമ്പതികളുടെ മകള്‍ എന്ന രീതിയില്‍ പഠിപ്പിക്കുക എന്നത് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണെന്ന വിശ്വാസമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളെ പഠിപ്പിക്കാന്‍ ഒരു വര്‍ഷത്തെ ബിരുദം എന്തിനാണെന്ന് തോന്നലും അന്നുണ്ടായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ മനഃശാസ്ത്രവും അധ്യാപനത്തിന്റെ രീതിശാസ്ത്രവും വിവിധ വിദ്യാഭ്യാസ ചിന്താ പദ്ധതികളും പരിചയപ്പെട്ടപ്പോഴാണ് പഠിപ്പിക്കല്‍ എന്നത് അത്ര ലഘുവായി കാണേണ്ട ഒന്നല്ല എന്ന തോന്നല്‍ ഉദിച്ചത്. അധ്യാപക പരിശീലനത്തിനായി വടക്കന്‍ പറവൂര്‍ സെന്റ് അലോഷ്യസ് സ്‌കൂളിലാണ് ഒരു മാസം പോയത്. വളരെ രസകരങ്ങളായ ദിവസങ്ങള്‍ ആയിരുന്നു അത്. ഒരു ദിവസം ഒന്നോ രണ്ടോ പീരിയഡ് ആണ് ക്ലാസ്സില്‍ പോവുക. പഠിക്കാന്‍ വന്നിരിക്കുന്ന ടീച്ചര്‍മാര്‍ ആണെന്ന് കുട്ടികള്‍ക്ക് അറിയാവുന്നതുകൊണ്ട് അവരെല്ലാ സ്വാതന്ത്ര്യവും എടുക്കും. ക്ലാസില്‍ അച്ചടക്കത്തോടെ ഇരുത്താന്‍ വലിയ ബുദ്ധിമുട്ടാണ്. എങ്കിലും സ്‌കൂളിലെ മറ്റ് അധ്യാപകരോടു പറയാത്ത പല രഹസ്യങ്ങളും അവര്‍ ഇന്റര്‍വെല്‍ ടൈമില്‍ ഞങ്ങളോട് വന്ന് പറയുമായിരുന്നു. ഇടയ്ക്ക് ചില കൊച്ചുകൊച്ചു സമ്മാനങ്ങളും കൊണ്ടുവരും. മിക്കവാറും അവര്‍ വരച്ച ചിത്രങ്ങളും മറ്റുമായിരിക്കും സമ്മാനമായി തരാറ്.
ടീച്ചിംഗ് പ്രാക്ടീസിന് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ക്ലാസുകളും നിര്‍ബന്ധമായി എടുക്കണമായിരുന്നു. അവ വിലയിരുത്താന്‍ കോളജിലെ പി.ടി അധ്യാപകന്‍ സ്‌ക്കൂള്‍ സന്ദര്‍ശിക്കും. അത്തരമൊരു സന്ദര്‍ശനത്തിന് അദ്ദേഹം പല സ്‌കൂളുകളില്‍ പോയി ഞങ്ങളുടെ സ്‌കൂളില്‍ എത്തിയത് ഒരു ദിവസം ഉച്ചയോടു കൂടിയാണ്. ഏകദേശം 12 മണിയോട് അടുത്ത ആ സമയത്ത് കുട്ടികളെ പുറത്ത് ഗ്രൗണ്ടില്‍ ഇറക്കി നിര്‍ത്തി അദ്ദേഹത്തിനു മുമ്പില്‍ എക്‌സര്‍സൈസ് ചെയ്യിപ്പിച്ചു. കൊടും വെയിലാണ്. പക്ഷേ, ഞങ്ങള്‍ക്ക് മാര്‍ക്ക് കിട്ടേണ്ട കാര്യമല്ലേ? വിയര്‍ത്തൊലിച്ച് നിന്നിട്ടാണെങ്കിലും ഞങ്ങളോടൊപ്പം പാവം കുട്ടികളും സഹകരിച്ചു. ഒരു മാസം മാത്രമേ പ്രാക്ടീസ് ക്ലാസുകള്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും തിരിച്ചു പോരുമ്പോള്‍ കണ്ണ് നിറഞ്ഞു യാത്ര പറഞ്ഞ കുട്ടികളുടെ മുഖം അധ്യാപനം എത്ര മഹത്തരമാണെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു.
അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചുപോയ മനോഹരന്‍ എന്ന കുട്ടിയെ ഇടയ്ക്കിടെ ഓര്‍ത്തു പോകുന്നു. എട്ടാം ക്ലാസിലാണ് അവന്‍ പഠിച്ചിരുന്നത്. ക്ലാസ്സില്‍ അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന അവനായിരുന്നു ടീച്ചിംഗ് പ്രാക്റ്റീസ് ക്ലാസ്സില്‍ ഞാന്‍ നിരീക്ഷണത്തിന് വിധേയനാക്കിയ പ്രോബ്ലം ചൈല്‍ഡ. ബി.എഡ് പഠനത്തിന് ഇങ്ങനെ ചില ഗുണങ്ങളൊക്കെയുണ്ട്. ഒരു കുട്ടി പഠനത്തില്‍ പിന്നോക്കം പോയാല്‍ അവന്റെ ബുദ്ധിപരമായ കുറവുകള്‍ മാത്രമായിരിക്കില്ല കാരണം. അവനെ മാനസികമായി സ്വാധീനിക്കുന്ന അവന്റെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്താനും കൂടി അധ്യാപകര്‍ക്ക് കഴിയണം. ഇന്ന് 24 വര്‍ഷം പിന്നിട്ടിരിക്കുന്ന അധ്യാപന ജീവിതത്തില്‍ ഓരോ കുട്ടിയോടും ഇടപെടുമ്പോള്‍ അവന്റെ അല്ലെങ്കില്‍ അവളുടെ ചുറ്റുപാടുകള്‍ മനസ്സിലാക്കാന്‍ കഴിയാവുന്നത്ര ശ്രമിക്കാറുണ്ട്.
ആദ്യമായി ജോലിക്ക് കയറിയ പേരാമ്പ്ര സി.കെ.ജി.എം ഗവണ്‍മെന്റ് കോളജിലെ ഒരു വര്‍ഷക്കാലം മറക്കാനാവാത്ത അനുഭവങ്ങളുടേതായിരുന്നു. അധ്യാപിക എന്ന നിലയില്‍ വലിയ പ്രായവും പക്വതയും ഒന്നും ആയിട്ടില്ലെങ്കിലും കുട്ടികള്‍ വലിയ ബഹുമാനവും സ്‌നേഹവും ഒക്കെയാണ് കാണിച്ചിരുന്നത്. കോളജിലെ ഇലക്ഷനും വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള മത്സരവും സവിശേഷമായിരുന്നു. ഇലക്ഷന് തൊട്ടടുത്ത ദിവസമായിരുന്നു ആ വര്‍ഷം കോളജ് യൂണിയനില്‍ ഒരു പ്രധാനപ്പെട്ട സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു പോയ ഒരു വിദ്യാര്‍ഥിയുടെ മരണം. അതിന്നും മറക്കാനാവാത്തതാണ്. അന്ന് പേരാമ്പ്രയിലേക്ക് വരുന്ന പ്രൈവറ്റ് ബസ്സുകള്‍ക്ക് അമിത വേഗതയാണ്. കുട്ടികളെ എല്ലാവരെയും കയറ്റാതെ പോയ ഒരു ബസ്സിന്റെ ഡ്രൈവര്‍ ക്യാബിനില്‍ പിടിച്ചു കയറി ഈ വിദ്യാര്‍ഥി തൂങ്ങിക്കിടന്ന് തര്‍ക്കിക്കുകയും റോഡില്‍ തലയടിച്ചു വീണു മരിക്കുകയും ഉണ്ടായി. കൂരാച്ചുണ്ടിന് അടുത്തോ മറ്റോ ആയിരുന്നു അവന്റെ വീട്. സംസ്‌കാരത്തോടനുബന്ധിച്ച് ആ വീട്ടില്‍ പോയ ഞങ്ങള്‍ക്ക് ദുഃഖഭാരം താങ്ങാന്‍ ആവുന്നതായിരുന്നില്ല. പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു പ്രദേശത്തായിരുന്നു അവന്റെ വീട്. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും. ബിരുദ വിദ്യാര്‍ഥിയായിരുന്ന അവനെക്കുറിച്ച് ഏറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിരുന്ന കുടുംബം. ഒരു നിമിഷത്തെ സാഹസം ഒരു കുടുംബത്തിന്റെ സന്തോഷമാണ് കെടുത്തിക്കളഞ്ഞത്.
പേരാമ്പ്രയില്‍ വളരെ കുറച്ചു നാളുകളേ ജോലി ചെയ്തുള്ളുവെങ്കിലും മലയാളം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു ബാലസുബ്രഹ്മണ്യന്‍ മാഷും എം .എ റഹ്മാന്‍ മാഷും കോളജില്‍ കുറെ നാള്‍ പ്രിന്‍സിപ്പല്‍ ചാര്‍ജ് വഹിച്ചിരുന്ന സി.പി അബൂബക്കര്‍ മാഷും അധ്യാപന ജീവിതത്തില്‍ വലിയ പാഠങ്ങളാണ് പകര്‍ന്നു തന്നത്. മറ്റു ജോലികള്‍ ഒക്കെ കിട്ടിയതുകൊണ്ട് പേരാമ്പ്രയിലേക്ക് പിന്നീട് പോകാന്‍ കഴിഞ്ഞില്ല. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചലച്ചിത്ര ക്യാമ്പില്‍ വെച്ച് പേരാമ്പ്രയിലെ പ്രീഡിഗ്രി ക്ലാസ്സിലുണ്ടായിരുന്ന മഹേഷിനെ കണ്ടുമുട്ടി. ഒറ്റനോട്ടത്തില്‍ എനിക്ക് അവനെ മനസ്സിലാക്കാന്‍ സാധിച്ചില്ല. മഹേഷും ഇന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപകനാണ്. വലിയ സ്‌നേഹത്തോടെ അടുത്തുവന്ന് അവന്‍ ചോദിച്ചു: ടീച്ചറെ, നിങ്ങള്‍ ഇത്രനാള്‍ എവിടെയായിരുന്നു എന്ന്. സത്യത്തില്‍ കണ്ണ് നിറഞ്ഞു പോയി. വളരെ കുറച്ച് നാളുകളേ അവരോടൊപ്പം ചെലവഴിച്ചിരുന്നുള്ളുവെങ്കിലും അവരിപ്പോഴും ഓര്‍ക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് മനസ്സ് നിറഞ്ഞു.
ബാലസുബ്രഹ്മണ്യന്‍, സി.പി അബൂബക്കര്‍, എം.എ റഹ്മാന്‍
ഒരു കുന്നിന് മുകളിലായി സ്ഥിതി ചെയ്യുന്ന കോളജിലേക്ക് പേരാമ്പ്ര ടൗണില്‍ നിന്നും ബസ് കുറവായതുകൊണ്ട് ജീപ്പിലും ഓട്ടോറിക്ഷയിലും ഒക്കെ ആയിരിക്കും മിക്കപ്പോഴും എത്തിച്ചേരാനാവുക. നെന്മണ്ടയില്‍ നിന്ന് ദീര്‍ഘ ദൂരം ഓട്ടോറിക്ഷ ഓടിച്ച് എത്താറുള്ള ബാലസുബ്രഹ്മണ്യന്‍ സാര്‍ കുട്ടികളെ കൂടി കയറ്റി കൊണ്ടുവരുമായിരുന്നു. മലയാള വിഭാഗത്തില്‍ സ്ഥിരം അധ്യാപകനായി അന്ന് ബാലസുബ്രഹ്മണ്യന്‍ സാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഫോട്ടോഗ്രാഫി കമ്പക്കാരനായിരുന്ന അദ്ദേഹത്തിന്റെ ചുറ്റും ഒരു പറ്റം കുട്ടികളും ഉണ്ടാകും. ചെരിപ്പിടാന്‍ മടിയുള്ള, തൈര് മാത്രം കൂട്ടി ചോറ് കഴിക്കുന്ന ബാലസുബ്രഹ്മണ്യന്‍ സാര്‍ ആദ്യകാലത്ത് എനിക്ക് ഒരു അത്ഭുതമായിരുന്നു. പക്ഷേ, കുട്ടികളോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും പെരുമാറ്റവും ഇത്രകാലം കഴിഞ്ഞിട്ടും മറക്കാന്‍ സാധിക്കുന്നില്ല. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം പേരാമ്പ്രയുമായുള്ള ഒരു സ്‌നേഹക്കണ്ണി കൂടിയാണ് മുറിച്ചു കളഞ്ഞത്. പിന്നീട് വിവിധയിടങ്ങളില്‍ ജോലി ചെയ്ത് ഒടുവില്‍ ഹയര്‍സെക്കന്ററിയില്‍ ജോലി സ്ഥിരമാക്കിയപ്പോഴും പേരാമ്പ്ര സി.കെ.ജി കോളജും പറവൂര്‍ സെന്റ് അലോഷ്യസ് സ്‌കൂളും തന്നെയാണ് ആദ്യ പ്രണയം പോലെ ഉറവ് വറ്റാതെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്.