യുക്രൈനില്‍ നിന്ന് ഗസ്സയിലേക്കുള്ള ദൂരം; അഥവാ, ഒരു കൊടുംചതിയുടെ കഥ
|"നിങ്ങൾ ഞങ്ങളോട് ഗസ്സയോടെന്ന പോലെ പെരുമാറുന്നു" എന്നാണ് യുക്രൈൻ പ്രതിനിധി ഇസ്രായേലിനോട് അരിശപ്പെട്ടത്
യുക്രൈനില്‍ ഏതു നിമിഷവും റഷ്യന്‍ സൈന്യം കടന്നുകയറിയേക്കുമെന്ന ഭീതി അന്തരീക്ഷത്തിലുണ്ടായിരുന്ന ഫെബ്രുവരി മൂന്നാം വാരത്തിന്റെ തുടക്കം. കിയവിലെ ഇസ്രായേല്‍ അംബാസഡറെ യുക്രൈന്‍ വിദേശ മന്ത്രാലയം ശാസനാരൂപത്തില്‍ വിളിച്ചുവരുത്തുന്നു.
യുദ്ധമുണ്ടാവുകയാണെങ്കില്‍ യുക്രൈനിലുള്ള തങ്ങളുടെ ഉദ്യോഗസ്ഥരെയും പൗരന്മാരെയും രക്ഷപ്പെടുത്താന്‍ സഹായിക്കണമെന്ന് ഇസ്രായേല്‍ വിദേശ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അലോണ്‍ ഉഷ്പിസ് റഷ്യയുടെ വിദേശ സഹമന്ത്രി മിഖായില്‍ ബൊഗ്ദനോവിനോട് അഭ്യര്‍ഥിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. 'നിങ്ങള്‍ ഞങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത്? ഗസ്സ മുനമ്പിനെപ്പോലെയോ മറ്റോ ആണോ?' എന്നായിരുന്നു യുക്രൈന്‍ വിദേശമന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥന്‍ അരിശത്തോടെ ഇസ്രായേലി മാധ്യമമായ ഹാരെറ്റ്സിനോട് ചോദിച്ചത്.
യുദ്ധം ആസന്നമായ ഘട്ടത്തിലുള്ള ഈ ഇസ്രായേല്‍-റഷ്യ സമ്പര്‍ക്കത്തില്‍ യുക്രൈന്‍ അരിശപ്പെടാന്‍ കാരണമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഗസ്സയ്ക്കു മേല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചത്. ആശുപത്രികളും സ്‌കൂളുകളും മാധ്യമസ്ഥാപനങ്ങളുമടക്കം ബോംബിട്ട് തകര്‍ക്കാന്‍ ഇസ്രായേല്‍ ചമച്ച ന്യായീകരണം അവരേക്കാള്‍ ആവേശത്തോടെ ഏറ്റുപറഞ്ഞതിന് ഇത്തരമൊരു ചതിയാണോ പ്രതിഫലമായി ലഭിക്കേണ്ടത് എന്ന യുക്രൈന്റെ സന്ദേഹം സ്വാഭാവികവുമാണ്. 'ഗസ്സയെപ്പോലെ പെരുമാറുന്നു' എന്ന പ്രതികരണം പക്ഷേ, യുക്രൈന്‍ ഭരണകൂടത്തിന്റെ നിര്‍ലജ്ജമായ കാപട്യത്തെയാണ് തുറന്നുകാട്ടിയത്. ഇസ്രായേല്‍ ഗസ്സയോട് ചെയ്യുന്നത് എന്താണെന്ന് കൃത്യമായി അറിയാമെന്നും, ആ അറിവോടെ തന്നെയാണ് കഴിഞ്ഞ വര്‍ഷം തന്ന പിന്തുണയെന്നുമാണ് അതിന്റെ അര്‍ഥം.
2021 മെയ് 12-ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സ്‌കി ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചു: 'ഇസ്രായേലിന്റെ ആകാശമാകമാനം മിസൈലുകള്‍ നിറഞ്ഞിരിക്കുകയാണ്. ചില നഗരങ്ങള്‍ കത്തുകയാണ്. ഇരകളാണവിടെ. പലര്‍ക്കും പരിക്കേറ്റു. മനുഷ്യദുരന്തങ്ങളാണെങ്ങും. ദുഃഖത്തോടെയും ഖേദത്തോടെയുമല്ലാതെ ഇതൊന്നും നോക്കിക്കാണാനാവില്ല. ജനങ്ങളുടെ ജീവനെക്കരുതി ഈ സംഘര്‍ഷം നിര്‍ത്തലാക്കേണ്ടിയിരിക്കുന്നു.'
ഫലസ്തീന്‍ പ്രദേശങ്ങള്‍ ബലമായി പിടിച്ചെടുക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ നോക്കുകുത്തിയാക്കി മനുഷ്യാവകാശങ്ങള്‍ പകല്‍വെട്ടത്തില്‍ ലംഘിക്കുകയും ചെയ്ത ഇസ്രായേലിനു നേരെ ഗസ്സയിലെ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമങ്ങളെപ്പറ്റിയായിരുന്നു സെലന്‍സ്‌കിയുടെ ഈ സന്തപ്ത പരാമര്‍ശം. 'അയണ്‍ ഡോം' അടക്കമുള്ള ഇസ്രായേലിന്റെ അത്യാധുനിക സൈനിക, പ്രതിരോധ സജ്ജീകരണങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ വെറും തമാശയായ ആ റോക്കറ്റുകളെപ്പറ്റിത്തന്നെ. ഫലസ്തീനികളുടെ നിലങ്ങള്‍ ബലംപ്രയോഗിച്ച് പിടിച്ചടക്കാനും കെട്ടിടങ്ങള്‍ ബുള്‍ഡോസ് ചെയ്യാനും കുട്ടികളെയടക്കം കൊല്ലാനും പ്രത്യേകം കാരണങ്ങളൊന്നും വേണ്ടാത്ത ഇസ്രായേല്‍, ഹമാസിന്റെ ഈ കുതറലുകളെ ഉപയോഗിച്ചുണ്ടാക്കുന്ന ന്യായീകരണങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ഉപഭോക്താക്കളില്ലാതിരിക്കുമ്പോഴായിരുന്നു സെലന്‍സ്‌കിയുടെ ഈ ഔദാര്യം.
ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന നെതന്യാഹു യുക്രൈന്റെ ഈ പിന്തുണയെ വേണ്ടവണ്ണം പരിഗണിക്കുകതന്നെ ചെയ്തു. മെയ് 16-ന്, തങ്ങള്‍ക്കൊപ്പം നിന്ന 21 ലോകരാജ്യങ്ങളുടെ പതാകകള്‍ വെച്ചുകൊണ്ടുള്ള നെതന്യാഹുവിന്റെ ട്വീറ്റില്‍ യുക്രൈനും ഉള്‍പ്പെട്ടിരുന്നു.
അന്നേദിനം തന്നെ യുക്രൈന്‍ നഗരമായ ചേര്‍നിവ്ത്സി ഒബ്ലാസ്റ്റിലെ ഗവര്‍ണര്‍ സെര്‍ഹി ഒസാച്ചുക് ഇസ്രായേലിന് അകമഴിഞ്ഞ പിന്തുണ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു: 'ഇന്ന് നമ്മളെല്ലാം ഇസ്രായേലികള്‍ക്കൊപ്പമാണ്. കാരണം, ദൗര്‍ഭാഗ്യശാല്‍ നിരപരാധികളാണ് അവിടെ മരിച്ചുവീഴുന്നത്. മരണത്തിന് ദേശീയതയില്ല. വേദന മാത്രമേയുള്ളൂ. ഒടുക്കത്തെ ഷെല്ലിങ് നില്‍ക്കട്ടെ... നമ്മള്‍ ഇസ്രായേലിലെ ജനങ്ങള്‍ക്കൊപ്പം തന്നെ നില്‍ക്കുന്നു...'
ഗസ്സയിലെ 950 കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ ആക്രമണം നടത്തുകയും 40 സ്‌കൂളുകളും നാല് ആശുപത്രികളും അല്‍ ഷത്തി അഭയാര്‍ഥി ക്യാമ്പും തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്ത ദിവസമായിരുന്നു ഗവര്‍ണറുടെ ഈ പ്രസ്താവന എന്നോര്‍ക്കണം. അന്നേ ദിവസം യുക്രൈനിലെ മറ്റൊരു നഗരമായ നിപ്രോയുടെ മേയര്‍ ബോറിസ് ഫിലാത്തോവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം സിറ്റി ഹാളിനു മുകളില്‍ ഇസ്രായേല്‍ പതാക പാറിപ്പറന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള പോരിനെ 'ഇരുപത്തൊന്നാം നൂറ്റാണ്ടും മധ്യകാലവും തമ്മിലുള്ള യുദ്ധം' എന്നാണ് ഫിലാത്തോവ് വിളിച്ചത്.
66 കുട്ടികളടക്കം 256 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മുക്കാല്‍ ലക്ഷത്തോളമാളുകള്‍ അഭയാര്‍ഥികളാവുകയും ചെയ്തു കഴിഞ്ഞശേഷം മെയ് 18-ന് യുക്രൈന്‍ പ്രതിരോധമന്ത്രി യുക്രൈന്‍ വിദേശമന്ത്രി ആന്‍ഡ്രി തരാന്‍ പറഞ്ഞത്, ഹമാസിന്റെ മിസൈലുകളെ പ്രതിരോധിച്ച ഇസ്രായേലിന്റെ അയണ്‍ ഡോം സംവിധാനം തങ്ങള്‍ക്കും വേണമെന്നായിരുന്നു. ഹമാസിന്റെ വീര്യംകുറഞ്ഞ റോക്കറ്റുകളില്‍ 90 ശതമാനത്തെയും പ്രതിരോധിച്ച അയണ്‍ ഡോമിന്റെ ഗുണഗണങ്ങളെ പിറ്റേന്ന് യുക്രൈന്റെ മുന്‍ സൈനിക ഉപമേധാവി ലഫ്. ജനറല്‍ ഇഹോര്‍ റൊമാനെങ്കോയും റേഡിയോ ലിബര്‍ട്ടിയിലൂടെ പ്രകീര്‍ത്തിച്ചു.
യുക്രൈനിലെ ഡോക്യുമെന്ററി നിര്‍മാതാക്കളുടെ കൂട്ടായ്മയായ ബാബിലോണ്‍ 13, ഇസ്രായേലിന് പിന്തുണയുമായി 'ഭയക്കേണ്ട' എന്നൊരു വീഡിയോ സൃഷ്ടിച്ചു. ഇസ്രയേലി ഫ്രണ്ട്സ് ഓഫ് യുക്രൈന്‍ (ഇഫു) എന്ന സംഘടനയിലെ പ്രതിനിധികളായിരുന്നു ഈ സമയത്ത് യുക്രൈന്‍ ടി.വി ചാനലുകളിലെ പ്രധാന ക്ഷണിതാക്കള്‍. കിയവിന്റെ ആകാശത്ത്, ഇസ്രായേല്‍ പതാക ബന്ധിച്ച ഒരു ഡ്രോണ്‍ പാറിപ്പറന്നു.
ഹമാസ് ഇസ്രായേലിലേക്കയച്ച റോക്കറ്റുകളായിരുന്നു (അതിനു മറുപടിയെന്ന ന്യായേന ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയും അധിനിവേശവുമായിരുന്നില്ല) 2021 മെയ് മാസത്തില്‍ യുക്രൈനിലെ ടെലിവിഷന്‍ ചാനലുകളിലെയും പത്രങ്ങളിലെയും മാഗസിന്‍ കവറുകളിലെയും പ്രധാന വിഭവമെന്ന് 'യുക്രൈനിയന്‍ ജ്യുവിഷ് എന്‍കൗണ്ടര്‍' അഭിമാനപൂര്‍വം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'ബുദ്ധിമുട്ടേറിയ ദിനങ്ങളില്‍' ഇസ്രായേലിന്റെ കൂടെനിന്നതിന് വേള്‍ഡ് സയണിസ്റ്റ് ഒര്‍ഗനൈസേഷന്‍ യുക്രൈന് നന്ദി അറിയിക്കുകയും ചെയ്തു.
വെറും ഒമ്പതു മാസം കൊണ്ടുതന്നെ ഇസ്രായേലിന്റെ തനിനിറം മനസ്സിലാക്കാന്‍ യുക്രൈന് കഴിഞ്ഞു. തങ്ങള്‍ക്കെതിരെ ഏകപക്ഷീയമായ യുദ്ധത്തിന് കോപ്പുകൂട്ടുന്ന റഷ്യ എന്ന വന്‍ശക്തിയോട് ലജ്ജാലേശമില്ലാതെ സമ്പര്‍ക്കം പുലര്‍ത്തുന്ന ഇസ്രായേലിന്റെ നിലപാടില്‍ അമര്‍ഷം പ്രകടിപ്പിക്കാന്‍ മാത്രമേ അവര്‍ക്കു കഴിഞ്ഞുള്ളൂ. ഒടുവില്‍, 'സംഘര്‍ഷ'ത്തെ അപലപിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നിര്‍ബന്ധിതനായെങ്കിലും ഒരിക്കല്‍പ്പോലും റഷ്യ എന്ന് പേരെടുത്തു പറയാന്‍ തയാറായില്ല. യുക്രൈനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും സംവാദമാണ് ആവശ്യമെന്നും യുക്രൈന്‍ ജനതയെ പിന്തുണക്കുന്നുവെന്നുമുള്ള ബെന്നറ്റിന്റെ പ്രസ്താവന, ഏകപക്ഷീയമായ കടന്നുകയറ്റത്തിനിരയായ, ഒറ്റയ്ക്ക് പ്രതിരോധിക്കേണ്ടി വന്ന ഒരു സുഹൃദ് രാജ്യം അര്‍ഹിക്കുന്നതായിരുന്നില്ല. വിദേശമന്ത്രി യെയര്‍ ലാപിദിന്റെ പ്രസ്താവനയില്‍ റഷ്യയെ മൃദുവായി കുറ്റപ്പെടുത്തുന്നതിലൊതുങ്ങി ഈ വിഷമഘട്ടത്തില്‍ യുക്രൈനുള്ള ഇസ്രായേലിന്റെ 'സഹായം.'
തങ്ങളെ എല്ലായ്പോഴും ഉപാധികളില്ലാതെ പിന്തുണക്കണമെന്ന് സുഹൃദ് രാജ്യങ്ങളോട് ആവശ്യപ്പെടാറുള്ള ഇസ്രായേല്‍, റഷ്യ-യുക്രൈന്‍ പ്രശ്നത്തില്‍ നിഷ്പക്ഷനായ മധ്യസ്ഥന്റെ റോളെടുക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഏകപക്ഷീയമായി ആക്രമണം നടത്തിയ റഷ്യയെയും, യുക്രൈനെ മോഹിപ്പിച്ചു കടന്നുകളഞ്ഞ അമേരിക്കയെയും രണ്ട് കൈകളില്‍ ബാലന്‍സ് ചെയ്തുകൊണ്ടുള്ള സയണിസ്റ്റ് രാജ്യത്തിന്റെ കളി അത്ഭുതമുണ്ടാക്കുന്നതല്ല. എന്നാല്‍, അധിനിവേശത്തിനും അതിക്രമത്തിനും ഇരയായ ഗസ്സയ്ക്കെതിരെ ഇസ്രായേലിനെ പിന്തുണച്ച യുക്രൈന്‍ രാഷ്ട്രീയ നേതൃത്വത്തെ ഇസ്രായേലിന്റെ തനിഗുണം വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അതിനെ ഹൃസ്വചരിത്രത്തിന്റെ കാവ്യനീതി എന്നേ വിശേഷിപ്പിക്കാനാവൂ.