“അംഗീകാരങ്ങള്‍ നമുക്ക് എന്തും സാധിക്കുമെന്ന തിരിച്ചറിവ് നല്‍കും” വില്ലേജ് റോക്സ്റ്റാറിനെ കുറിച്ച് റിമ ദാസ് പറയുന്നു..
|വിദേശ ഭാഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് നോമിനേഷനായി റിമ ദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം വില്ലേജ് റോക്സ്റ്റാര്‍ തെരഞ്ഞെടുത്തിരിക്കുകയാണ്
ഇന്ത്യന്‍ സിനിമയില്‍ വളരെ കുറച്ച് സ്ത്രീകള്‍ മാത്രമേ സിനിമ സംവിധാന രംഗത്ത് കടന്ന് വന്നിട്ടുള്ളു. ഗീതു മോഹന്‍ദാസിന്റെ ലയേഴ്സ് ഡയസിന് ശേഷം ഒരു ഇന്ത്യന്‍ വനിത സംവിധായികയുടെ ചിത്രം കൂടി ഓസ്കറില് മാറ്റുരക്കാന്‍ പോകുന്നു. വിദേശ ഭാഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് നോമിനേഷനായി റിമ ദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം വില്ലേജ് റോക്സ്റ്റാര്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. നന്ദി അല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ഏതൊരു സിനിമ നിര്‍മ്മാതാവും സ്വപ്നം കാണുന്ന നിമിഷമാണിതെന്നുമാണ് റിമയുടെ ആദ്യ പ്രതികരണം. പ്രാഥമിക സിനിമ വിദ്യാഭ്യാസം പോലുമില്ലാത്ത റിമ സിനിമ സ്വയം പഠിക്കുകയായിരുന്നു.
"അംഗീകാരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഒന്നും സാധ്യമല്ലെന്ന് നമ്മള് കരുതും. അത് നമ്മെ ശ്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കും. ഇത് പോലുള്ള നേട്ടങ്ങള്‍ എന്നെ എന്തും സാധ്യമാണെന്ന് തിരിച്ചറിവ് നല്കുന്നു." റിമ ദാസ് പറയുന്നു. നാല് വര്‍ഷം സമയമെടുത്താണ് റിമ വില്ലേജ് റോക്സ്റ്റാഴ്സ് ചിത്രീകരിച്ചത്. കൃത്രിമ വെളിച്ച ശ്രോതസുകള്‍ ഉപയോഗിക്കാതെ കിട്ടുന്ന സമയം മുതലെടുത്ത് സൂര്യവെളിച്ചത്തില്‍ ചിത്രീകരിച്ച ചിത്രം ഈ വര്‍ഷത്തെ മികച്ച സിനിമക്കുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു. അഭിനയത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത തന്റെ ഗ്രാമത്തിലെ ഒരു പറ്റം കുട്ടികളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ചഹായ്ഗോണ്‍ ഗ്രാമത്തിലെ 10 വയസ്സുള്ള ഒരു പെണ്‍കുട്ടി സ്വന്തമായി റോക്ക്ബാന്റ് തുടങ്ങാനാഗ്രഹിക്കുകയും അതിനായി ഇലക്ട്രോണിക് ഗിത്താര്‍ അന്വേഷിച്ച് പോവുകയും ചെയ്യുന്നതിലൂടെയാണ് വില്ലേജ് റോക്സ്റ്റാറിന്റെ കഥ മുന്നോട്ട് പോവുന്നത്. ഇതാദ്യമായാണ് അസമില്‍ നിന്നൊരു ചലച്ചിത്രം ദേശീയ, അന്താരാഷ്ട്ര ശ്രദ്ധ പിടിച്ച് പറ്റുന്നത്.
തന്റെ ആദ്യ സിനിമയായ മാന്‍ വിത്ത് ദ ബൈനോക്കുലഴ്സിന്റെ ചിത്രീകണത്തിനിടയിലാണ് റിമ പഴയ സംഗീതോപകരണങ്ങള്‍ കൊണ്ട് കളിക്കുന്ന ഒരു പറ്റം കുട്ടികളെ കാണുന്നത്. അതിന് ശേഷമാണ് അവരെക്കുറിച്ചൊരു സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നതും. മാന്‍ വിത്ത് ദ ബൈനോക്കുലഴ്സിന്റെ ചിത്രീകരണം കഴിഞ്ഞ് ആ കുട്ടികളുമായി ആറ് മാസത്തിലേറെ ചിലവഴിച്ച് അവരെ പൂര്‍ണ്ണമായും മനസ്സിലാക്കിയ ശേഷമാണ് വില്ലേജ് റോക്സ്റ്റാറിന്റെ സ്ക്രിപ്പ്റ്റിലേക്ക് റിമ കടക്കുന്നത്.
അംഗീകാരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഒന്നും സാധ്യമല്ലെന്ന് നമ്മള് കരുതും. അത് നമ്മെ ശ്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കും. ഇത് പോലുള്ള നേട്ടങ്ങള്‍ എന്നെ എന്തും സാധ്യമാണെന്ന് തിരിച്ചറിവ് നല്കുന്നുറിമ ദാസ്
തന്റെ ഗ്രാമത്തില്‍ ഒരു റോക്ക് ബാന്റ് തുടങ്ങാന്‍ ആഗ്രഹിക്കു പത്ത് വയസ്സുകാരി ധുനുവില്‍ റിമ വരച്ചിട്ടത് തന്നെ തന്നെയായിരുന്നു. വ്യത്യസ്തമായ ഒരു മേഖലയിലേക്ക് കടന്ന് ചെല്ലാന്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെയാണ് ധുനുവിലൂടെ റിമ പറയുന്നത്. പക്ഷെ, ഉള്‍നാടന്‍ ഗ്രാമത്തിലെ സ്ത്രീകളുടെ ദുരിത ജീവിതത്തിന്റെ കറുത്ത ഭാഗങ്ങളിലേക്ക് പോകാതെ അതിജീവനത്തിന്റെ പുതിയൊരു കഥ അതിലൂടെ പറയുകയാണ് താന്‍ ചെയ്തതെന്ന് റിമ പറയുന്നു. പിന്നീട് മൂന്ന് വര്‍ഷത്തിലേറെ പോസ്റ്റ് - പ്രി പ്രൊഡക്ഷനില്‍ ചിലവഴിച്ച് വ്യത്യസ്ത കാലാവസ്ഥയിലായി 120 ദിവസങ്ങള്‍ ഷൂട്ടിങ്ങിന് ചെലവഴിച്ചു. “എനിക്ക് നാല് കാലാവസ്ഥ വ്യതിയാനങ്ങളും ലഭിക്കണമായിരുന്നു. പ്രത്യേകിച്ച് പ്രളയ കാലത്തെ സീനുകള്‍ ചിത്രീകരിക്കാന്‍ മഴക്കായി ഒരുപാട് കാത്തിരിക്കേണ്ടി വന്നു രാവിലെ വെയില് വരുന്നതിന് മുന്‍പും വൈകുന്നേരം വെയില് പോയതിന് ശേഷവും മാത്രമേ ചിത്രീകരണം നടത്തിയിരുന്നുള്ളു,” ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ റിമ ദാസ് വിവരിക്കുന്നു.
എസ്.വി രാജേന്ദ്ര ബാബു അധ്യക്ഷനായ 12 അംഗ ജൂറിയാണ് വില്ലേജ് റോക്ക്സ്റ്റാര്‍സിനെ ഓസ്കര് നോമിനേഷനയക്കാന്‍ തെരഞ്ഞെടുത്തത്. മാന്റോ, പാഡ്മാന് തുടങ്ങി 28 ചിത്രങ്ങളിള് നിന്നാണ് ഈ തെരഞ്ഞെടുപ്പ്. അന്താരാഷ്ട്ര നിലവാരത്തില്‍ മത്സരിക്കാവുന്ന മികച്ച ചിത്രമാണ് വില്ലേജ് റോക്ക് സ്റ്റാര്സെന്ന് ഇന്ത്യയിലെ ഓസ്കര് ജൂറി വിലയിരുത്തി. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ സിനിമകള്‍ ശ്രദ്ധിക്കപ്പെടാത്തത് അവിടെയെത്തിയ ശേഷം വേണ്ടത്ര പണമില്ലാത്തതിന്റെ പേരില്‍ പ്രമോഷന് നടക്കാത്തതിനാലാണെന്ന് ജൂറി പറഞ്ഞു.
അമിത് മസുര്‍ക്കര്‍ സംവിധാനം ചെയ്ത ന്യൂട്ടനാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചിത്രം. പക്ഷെ, അത് അവസാന റൌണ്ട് പോലും കാണാതെ പുറത്തായി. 1957ല്‍ പുറത്തിറങ്ങിയ മദര്‍ ഇന്ത്യ, 1988ല്‍ സലാം ബോംബെ, 2001ല്‍ ലഗാന്‍ എന്നിവയാണ് അവസാന റൌണ്ട് വരെ പൊരുതിയ ഇന്ത്യന്‍ സിനിമകള്‍.