ആ സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞ് പോയി -എ.ആര് മുരുഗദോസ്
|തിരുനെല്‍വേലി കളക്ടടറേറ്റ് വളപ്പില്‍ വച്ച് ഒരു കുടുംബത്തിലെ നാല് പേര് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം മാനുഷിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു
2017 ഒക്ടോബറില്‍ തിരുനെല്‍വേലി കളക്ടടറേറ്റ് വളപ്പില്‍ വച്ച് ഒരു കുടുംബത്തിലെ നാല് പേര് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം മാനുഷിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു. കാശിധര്‍മം സ്വദേശികളായ ഇസൈക്കിമുത്തുവും ഭാര്യ സുബലക്ഷമിയും അവരുടെ രണ്ട് പെണ്മക്കളുമാണ് ആത്മഹത്യ ചെയ്തത്. വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു അവര്‍ ജീവനൊടുക്കിയത്. സുബലക്ഷമിയും കുട്ടികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇസൈക്കിമുത്തു ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.
സര്‍ക്കാറിന്റെ ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ തിരുനെല്‍വേലി സംഭവം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. ടീസറില്‍ ഒരാള്‍ തീയില്‍ കുളിച്ച് നില്ക്കുന്ന രംഗം ഉള്‍പ്പെടുത്തിയിരുന്നു. യഥാര്‍ഥ സംഭവം സിനിമയില്‍ ഉള്‍പ്പെടുത്തിയത് ഏറെ ആലോചിച്ചതിന് ശേഷമാണെന്നും വളരെ വൈകാരികമായാണ് താന്‍ അതിനെ സമീപിച്ചതെന്നും സംവിധായകന് മുരുഗദോസ് പറഞ്ഞു.
ആ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും നമ്മുടെ തലച്ചോറിനെ മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു അതെന്നും മുരുഗദോസ് കൂട്ടിചേര്‍ത്തു. തീ ശരീരത്തില്‍ മുഴുവന്‍ ആളിപ്പിടിച്ചപ്പോഴും അവര്‍ അനങ്ങാതെ നിന്ന കാഴ്ച തന്നെ ഇപ്പോഴും വേട്ടയാടുകയാണ്. അതുകൊണ്ടു തന്നെ ചിത്രീകരിക്കുന്ന സമയത്ത് അഭിനേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കുമ്പോള് താന്‍ ഏറെ അസ്വസ്ഥനായിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ താന്‍ കരഞ്ഞുവെന്നും പിന്നീട് ആരും പരസ്പരം സംസാരിക്കുന്നത് കണ്ടില്ലെന്നും മുരുഗദോസ് പറഞ്ഞു.