രാച്ചസനിലെ സൈക്കോ കില്ലറിന് ജനനം നല്‍കിയത് യഥാർത്ഥ വ്യക്തിയെ അടിസ്ഥാനമാക്കി -രാം കുമാര്‍
|മുന്ദാസപ്പട്ടി എന്ന സിനിമക്ക് ശേഷം അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമീപനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അപ്പോഴാണ് രാച്ചസന് ജനിക്കുന്നതെന്നും രാം കുമാര്‍ പറയുന്നു
തമിഴ് സിനിമ അതിന്റെ മികച്ച കാലത്തിലുടെ സഞ്ചരിക്കുന്ന ഈ കാലഘട്ടത്തില്‍ രാം കുമാര്‍ സംവിധാനം ചെയ്ത രാച്ചസന് തമിഴിലെ മികച്ച ത്രില്ലറുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. സിനിമയിലെ വില്ലന്‍ കഥാപാത്രമായ സൈക്കോ കില്ലറുടെ കഥാപാത്രവും മികച്ച പ്രതികരണം നേടുകയാണ്. ആ സൈക്കോ കൊലയാളിയെപ്പോലെ ഒരു കില്ലര്‍ സത്യത്തില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് സംവിധായകന് രാം കുമാര്‍. യഥാര്‍ഥ കൊലയാളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്രിസ്റ്റഫര്‍ എന്ന കഥാപാത്രത്തിന് താന്‍ രൂപം നല്‍കിയതെന്നും രാം കുമാര്‍ വ്യക്തമാക്കി.
മുന്ദാസപ്പട്ടി എന്ന സിനിമക്ക് ശേഷം അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമീപനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അപ്പോഴാണ് രാച്ചസന് ജനിക്കുന്നതെന്നും രാം കുമാര്‍ പറയുന്നു. തികച്ചും വ്യത്യസ്തമായ ഒരു സീരിയസ് കഥക്കായുള്ള തിരച്ചിലിനിടയിലാണ് പത്രത്തില്‍ രണ്ട് പേരെ കുറിച്ച് ഒരു ലേഘനം വായിക്കുന്നത്. അവര്‍ ഇന്ത്യക്കാരായിരുന്നില്ല. ഒരാള്‍ ഒരു സൈക്കോ കൊലയാളിയും മറ്റെത് ഒരു സ്ത്രീയുമായിരുന്നു. ഇത് തനിക്ക് കഥയുടെ ഒരു ആകത്തുക നല്കി. രാച്ചസന് ഒരു ഫിക്ഷന്‍ ആണെങ്കിലും തികച്ചും യഥാര്‍ത്ഥ കഥാപാത്രത്തെ ആസ്പദമാക്കിയാണ് വില്ലന്‍ താന്‍ ജനനം നല്‍കിയതെന്നും രാം കുമാര്‍ പറയുന്നു.
രാച്ചസന് എന്ന് തന്നെയാണ് ആദ്യം തന്നെ ചിത്രത്തിന് പേര് നിശ്ചയിച്ചിരുന്നത്. പക്ഷെ, ഒരു ഖട്ടത്തില്‍ അത് സിന്‍ട്രെല എന്നും പിന്നീട് മിന്മിനി എന്നും മാറിയെങ്കിലും അവസാനം രാച്ചസനില്‍ തന്നെ അവസാനിക്കുകയായിരുന്നെന്നും രാം കുമാര്‍ കൂട്ടിചേര്‍ത്തു. നാല് വര്‍ഷം മുന്‍പാണ് രാച്ചസന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. താന്‍ ഒരുപാട് കൊറിയന്‍ സിനിമകള്‍ കാണുന്ന ഒരു വ്യക്തിയാണ്. അത് ത്രില്ലറുകളിലേക്ക് തന്നെ കൂടുതല്‍ അടുപ്പിച്ചതാകാമെന്നും രാം കുമാര്‍ പറഞ്ഞു.