Movies
മിണ്ടാതിരുന്നാലേ സിനിമ കിട്ടൂവെങ്കില്‍ എനിക്ക് വേണ്ട; തുറന്നടിച്ച് സിദ്ധാര്‍ഥ്
Movies

മിണ്ടാതിരുന്നാലേ സിനിമ കിട്ടൂവെങ്കില്‍ എനിക്ക് വേണ്ട; തുറന്നടിച്ച് സിദ്ധാര്‍ഥ്

Web Desk
|
29 Dec 2019 9:00 AM GMT

എനിക്ക് കുറ്റബോധം തോന്നാതിരിക്കാനാണ് ഞാന്‍‌ സംസാരിക്കുന്നത്. ഈ രാജ്യത്തെ നിശബ്ദരായ ഭൂരിപക്ഷത്തിലൊരാളാകാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല

പൗരത്വ നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുകയാണ്. സിനിമാ രംഗത്തുള്ള നിരവധി പേര്‍ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തുവന്നപ്പോള്‍ അതിന്റെ മുന്‍നിരയിലായിരുന്നു നടന്‍ സിദ്ധാര്‍ഥ്. തന്റെ അഭിപ്രായം ആരെയും കൂസാതെ തുറന്നുപറയാറുള്ള സിദ്ധാര്‍ഥ് അതുകൊണ്ട് തന്നെ മറ്റു സിനിമ താരങ്ങളില്‍ നിന്ന് വ്യത്യസ്തനാണ്.

ഇപ്പോഴിതാ, ഈയൊരു മനോഭാവം സിനിമയില്‍ അവസരങ്ങള്‍ കുറയ്ക്കില്ലേയെന്ന ചോദ്യത്തിന് സിദ്ധാര്‍ഥ് നല്‍കിയ മറുപടി നവമാധ്യമങ്ങളില്‍ കയ്യടി നേടി കഴിഞ്ഞു. മിണ്ടാതിരുന്നാലേ തനിക്ക് സിനിമകള്‍ ലഭിക്കൂവെങ്കില്‍ അങ്ങനെ സിനിമ ചെയ്യണമെന്നില്ലെന്നായിരുന്നു സിദ്ധാര്‍ഥിന്റെ ഉറച്ച മറുപടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ധാര്‍ഥിന്റെ പ്രതികരണം.

''നിശബ്ദനായിരുന്നാല്‍ മാത്രമേ സിനിമ കിട്ടൂവെങ്കില്‍ എനിക്ക് ആ ജോലി വേണ്ട. സിനിമ എനിക്ക് വേണ്ടുവോളം തന്നു കഴിഞ്ഞു. ഞാന്‍ ഇപ്പോള്‍ ഒരു കുട്ടിയല്ലല്ലോ? അതുകൊണ്ട് തന്നെ കൂടുതൽ സംസാരിക്കുന്ന ഒരു കുട്ടി എന്ന് വിളിക്കുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയൊന്നുമില്ല. എനിക്ക് കുറ്റബോധം തോന്നാതിരിക്കാനാണ് ഞാന്‍‌ സംസാരിക്കുന്നത്. ഈ രാജ്യത്തെ നിശബ്ദരായ ഭൂരിപക്ഷത്തിലൊരാളാകാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ രാജ്യവും ദൈവവും എനിക്ക് ധാരാളം സൌഭാഗ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നെപ്പോലുള്ളയൊരാൾ പോലും പ്രതികരിക്കുന്നില്ലെങ്കില്‍ ഈ രാജ്യത്തിന്റെ അവസ്ഥയെന്താകും? ഇത് എന്റെ ഇഷ്ടമാണ്. ഒരാളുടെ ജീവിതം എങ്ങനെ ആയിരിക്കണമെന്ന് ഞാൻ ആരെയും പഠിപ്പിക്കാന്‍ പോകാറില്ല. പക്ഷേ ഇങ്ങനെയല്ലാതെ മറ്റൊരു രീതിയില്‍ എന്റെ ജീവിതം നയിക്കാനുള്ള വഴിയും എനിക്കറിയില്ല. ഇതുവരെ, എന്റെ കരിയറിൽ ഇത് കാരണം എനിക്ക് ഒരു പ്രശ്നവുമില്ല. ഇനിയുണ്ടാകുമെന്നും ഞാൻ കരുതുന്നില്ല. ഞാൻ എന്തെങ്കിലും വിട്ടുവീഴ്ചകൾ നടത്തി സിനിമ നേടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിൽ, ഞാന്‍ പറയും. നിലവില്‍ കാര്യങ്ങളൊക്കെ നന്നായി പോകുന്നു'' - സിദ്ധാര്‍ഥ് പറഞ്ഞു.

കുറച്ചൊക്കെ അടങ്ങാന്‍ ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, ഞാന്‍ അങ്ങനെയൊന്നുമല്ല സിനിമ രംഗത്തേക്ക് എത്തിയതെന്നായിരുന്നു താരത്തിന്റെ മറുപടി. ഒരു നടനെന്ന നിലയിൽ ഞാൻ 30-ലധികം സിനിമകൾ ചെയ്തു. അഞ്ച് ഭാഷകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ എന്റെ സ്വന്തം സിനിമകൾ നിർമ്മിക്കുന്നു. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമകൾ മാത്രമാണ് ഞാൻ ചെയ്തത്. നികുതിയടക്കുന്ന ഒരു പൌരന്‍ എന്ന നിലയില്‍ ഈ രാജ്യത്തെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാന്‍ തുറന്നു സംസാരിക്കുന്നതും.'' - സിദ്ധാര്‍ഥ് പറഞ്ഞു.

Similar Posts