![അയ്യേ നാണക്കേട്; ഹിന്ദി സംസാരിക്കാന്‍ അറിയാത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ സോന മോഹപത്ര അയ്യേ നാണക്കേട്; ഹിന്ദി സംസാരിക്കാന്‍ അറിയാത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ സോന മോഹപത്ര](https://www.mediaoneonline.com/h-upload/2022/06/30/1304120-sona-mohapatra.webp)
അയ്യേ നാണക്കേട്; ഹിന്ദി സംസാരിക്കാന്‍ അറിയാത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ സോന മോഹപത്ര
![](/images/authorplaceholder.jpg?type=1&v=2)
"ദക്ഷിണേന്ത്യൻ സിനിമകളിൽ ഇന്ത്യൻ സൗന്ദര്യബോധം അതിശക്തമാണ്"
മുംബൈ: ഹിന്ദി സിനിമാ മേഖലയിൽ ദീർഘകാലം ജോലി ചെയ്തിട്ടും ചില ബോളിവുഡ് താരങ്ങൾക്ക് ഇപ്പോഴും ശരിയായി ഹിന്ദി സംസാരിക്കാൻ അറിയില്ലെന്ന് ഗായിക സോന മോഹപത്ര. സിനിമയിൽ ദക്ഷിണേന്ത്യ പ്രാദേശിക സംസ്‌കാരം സ്വാംശീകരിക്കുന്ന കാലത്ത് ഇത് നാണക്കേടാണെന്നും അവർ തുറന്നടിച്ചു.
ഇന്ത്യ ടുഡേ സംഘടിപ്പി ഹിന്ദി ഭാഷാ സംവാദത്തിലായിരുന്നു ഗായികയുടെ പരാമർശങ്ങൾ. 'എനിക്ക് ഒരു കാര്യം പറയാൻ കഴിയും. ഞാൻ ആർആർആറും പുഷ്പയും കണ്ടു. ഞാൻ സത്യത്തിൽ ചാടുകയും ആടുകയുമായിരുന്നു. അവരുടെ പരിശ്രമവും ആർട്ട് ഡയറക്ഷനും കാസ്റ്റിങ്ങുമെല്ലാം അത്യുജ്ജ്വലമായിരുന്നു. ഹാറ്റ്സ് ഓഫ്, അവരുടെ സംസ്‌കാരത്തെ ആഘോഷമാക്കുന്നത് കാണുന്നത് മഹത്തരമായിരുന്നു.' - അവർ പറഞ്ഞു.
ബോളിവുഡ് താരങ്ങളെകുറിച്ച് സോന പറഞ്ഞതിങ്ങനെ; 'ബോളിവുഡിൽ അടിപൊളി താരങ്ങളുണ്ട്. എന്നാൽ ഹിന്ദി ഒഴുക്കോടെ സംസാരിക്കാൻ അറിയാത്ത അഭിനേതാക്കളുമുണ്ട്. ഇത് നാണക്കേടാണ്. കാരണം, ഒരു ഹിന്ദി താരമാണ് എങ്കിൽ നിങ്ങൾക്ക് ആ ഭാഷയിൽ ഒഴുക്കുണ്ടായിരിക്കണം. ദക്ഷിണേന്ത്യൻ സിനിമകളിൽ ഇന്ത്യൻ സൗന്ദര്യബോധം അതിശക്തമാണ്.'
കന്നഡ നടൻ കിച്ച സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും തമ്മിലുള്ള ഹിന്ദി ഭാഷാ സംവാദത്തിന് പിന്നാലെയാണ് സോനയുടെ പരാമർശങ്ങൾ.
നേരത്തെ, നടൻ സുശാന്ത് രജ്പുതിന്റെ മരണത്തിന് പിന്നാലെ സോന നടത്തിയ അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് ഭരിക്കുന്ന ചില സിനിമാകുടുംബങ്ങൾക്കു മുമ്പിൽ താഴ്മയോടെ നിന്നാൽ മാത്രമേ കഴിവുള്ള പല കലാകാരന്മാർക്കും അവസരങ്ങൾ ലഭിക്കൂ എന്നാണ് അവർ തുറന്നടിച്ചിരുന്നത്.
'യജമാനന്മാർക്കു വേണ്ടി അടിമകളായവർക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. യജമാനന്മാർ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അവർ നിങ്ങൾക്കായി എറിഞ്ഞു തരുന്നു. അത് കിട്ടുന്നതിനാൽ നിങ്ങൾ നന്ദിയുള്ളവരായിക്കും. ആഘോഷിക്കപ്പെടാനും പുരസ്‌കാരം നേടാനും പ്രതിഫലം ലഭിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അത്തരമൊരു മോഹം നിങ്ങൾക്കുണ്ടെങ്കിലും അത് നടക്കില്ല. കാരണം, അവർ അതിനു സമ്മതിക്കില്ല' - എന്നിങ്ങനെയായിരുന്നു സോനയുടെ പ്രതികരണം.