ഡിആർഡിഒയുടെ കോവിഡ് പ്രതിരോധ മരുന്ന് ഇന്ന് പുറത്തിറക്കും
|ശരീരത്തില്‍ ഓക്സിജന്‍റെ അളവ് വര്‍ധിപ്പിക്കുന്നതിനും മരുന്ന് ഫലപ്രദമാണ്.
ഡിആർഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ചെടുത്ത അകത്തേക്ക് കഴിക്കാവുന്ന കോവിഡ് പ്രതിരോധ മരുന്ന് ഇന്ന് പുറത്തിറങ്ങും. 2ഡി ഓക്സി ഡി ഗ്ലൂക്കോസ് എന്നാണ് മരുന്നിന് പേര് നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പതിനായിരം ഡോസ് ആണ് പുറത്തിറക്കുന്നത്. പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗാണ് പത്തരയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി മരുന്ന് പുറത്തിറക്കുന്നത്. ഡല്‍ഹിയിലെ ആശുപത്രികളിലാണ് തുടക്കത്തില്‍ മരുന്നിന്‍റെ വിതരണം ഉണ്ടാവുക.
ഡിആര്‍ഡിഒയിലെ ലാബ് ആയ ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസും (ഐഎൻഎംഎഎസ്) ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് 2- ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡിനെതിരെ വികസിപ്പിച്ചെടുത്തത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) മരുന്നിന്‍റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും ഒക്ടോബറിനും ഇടയില്‍ രണ്ട് ഘട്ടത്തിലായി നടന്ന പരീക്ഷണത്തില്‍ കോവിഡ് 19 രോഗികളില്‍ മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന പൌഡര്‍ രൂപത്തിലുള്ളതാണ് മരുന്ന്. മരുന്ന് ഉപയോഗിച്ച് മൂന്ന് ദിവത്തിനുള്ളില്‍ ഫലം കാണും. ശരീരത്തില്‍ ഓക്സിജന്‍റെ അളവ് വര്‍ധിപ്പിക്കുന്നതിനും മരുന്ന് ഫലപ്രദമാണ്. മരുന്ന് രോഗികള്‍ക്ക് പെട്ടെന്ന് രോഗമുക്തി നല്‍കുന്നുവെന്നും അതിനാല്‍ അവര്‍ക്ക് കൃത്രിമ ഓക്സിജന്‍റെ സഹായം ആവശ്യമായേക്കില്ലെന്നും ഗവേഷകര്‍ പറയുന്നു.
ഈ മരുന്ന് നല്‍കിയ ശേഷം കൂടുതല്‍ കോവിഡ് രോഗികള്‍ പെട്ടെന്ന് നെഗറ്റീവ് ആയിരുന്നു.65 വയസ്സ് കഴിഞ്ഞവര്‍ക്കും ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗ്ലുക്കോസ് ആണ് മരുന്നിലെ പ്രധാന ഘടകം. അങ്ങനെയാണ് രോഗികളിൽ ഓക്സിജന്‍റെ അളവ് താഴുന്നത് കുറയ്ക്കാന്‍ മരുന്ന് സഹായിക്കുന്നത്.