തെലുങ്കാനയില്‍ 135 വര്‍ഷം പഴക്കമുള്ള ജയില്‍ ആശുപത്രിയാക്കി മാറ്റുന്നു
|വാറങ്കലില്‍ നൈസാം ഭരണകാലത്ത് നിര്‍മ്മിച്ച ജയിലാണ് ആശുപത്രിയാക്കി മാറ്റുന്നത്
തെലുങ്കാനയില്‍ 135 വര്‍ഷം പഴക്കമുള്ള ജയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നു. വാറങ്കലില്‍ നൈസാം ഭരണകാലത്ത് നിര്‍മ്മിച്ച ജയിലാണ് ആശുപത്രിയാക്കി മാറ്റുന്നത്. ജയിലും ചുറ്റുപാടും അടക്കം 69 ഏക്കര്‍ സ്ഥലം ഉപയോഗപ്പെടുത്തിയാണ് ആശുപത്രി പണിയുന്നത്.
ഇതിന്റെ ആദ്യ പടിയായി ജയിലില്‍ നിന്ന് തടവുകാരെ ഒഴിപ്പിച്ചു തുടങ്ങി. സംസ്ഥാനത്തെ മറ്റു ജയിലുകളിലേക്കാണ് തടവുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നത്. വന്‍ സുരക്ഷയിലാണ് തടവുകാരെ മാറ്റുന്നത്. പൂര്‍ണമായി മാറ്റിക്കഴിഞ്ഞ ശേഷം ജയില്‍ ആരോഗ്യവകുപ്പിന് കൈമാറും. ഒരു വര്‍ഷത്തിനകം ആശുപത്രിയുടെ പണി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസം ജയില്‍ സന്ദര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആശുപത്രിയാക്കി മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നല്‍കി. ആയിരത്തോളം തടവുകാരാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഒരു മാസത്തിനകം ജയില്‍ പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.