14 കശ്മീരി നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണം
|2019 ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരി നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായി കശ്മീരി നേതാക്കളുമായി ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം. കശ്മീരിലെ 14 നേതാക്കളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു. പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് തടവിലാക്കപ്പെട്ട നേതാക്കള്‍ക്കും ക്ഷണമുണ്ട്. ജൂണ്‍ 24നാണ് ചര്‍ച്ച.
നാഷണല്‍ കോണ്‍ഫറന്‍സ്, സി.പി.എം, പി.ഡി.പി അടക്കമുള്ള പാര്‍ട്ടി നേതാക്കളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, താരാ ചന്ദ്, ജി.എ മിര്‍, പി.ഡി.പി നേതാക്കളായ മെഹ്ബൂബ മുഫ്തി, പീപ്പിള്‍സ് കോണ്ഫറന് നേതാക്കളായ സജ്ജാദ് ഗനി ലോണ്‍, മുസഫര്‍ ഹുസൈന് ബേഗ്, അപ്നി പാര്‍ട്ടിയുടെ അല്‍താഫ് ബുഖാരി, ബി.ജെ.പി നേതാക്കളായ രവീന്ദര്‍ റെയ്ന, നിര്‍മല്‍ സിങ്, കവീന്ദര്‍ ഗുപ്ത, സി.പി.എം നേതാവ് എം.വൈ തരിഗാമി, നാഷണല്‍ പാന്തര്‍ പാര്‍ട്ടി നേതാവ് പ്രൊഫ. ഭീം സിങ് എന്നിവരെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.
ഞങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചിരുന്ന് കൂടിയാലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സി.പി.എം നേതാവും കശ്മീരിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമായ ഗുപ്കര്‍ വക്താവുമായ എം.വൈ തരിഗാമി പറഞ്ഞു.
2019 ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരി നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്. കശ്മീരില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് യു.എസ് അടക്കമുള്ള രാജ്യങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.