കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഇറങ്ങിയിട്ട് 70 വര്‍ഷം
|1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും കശ്മീരിന് വേണ്ടി ഇന്ത്യയും പാകിസ്താനും അവകാശവാദം ഉന്നയിച്ചതോടെയാണ് ഇന്ത്യ സൈന്യത്തെ അയച്ചത്.
കശ്മീരിനെ ഇന്ത്യന്‍ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ സൈന്യം ഇറങ്ങിയിട്ട് ഇന്ന് 70 വര്‍ഷം തികയുന്നു. 1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും കശ്മീരിന് വേണ്ടി ഇന്ത്യയും പാകിസ്താനും അവകാശവാദം ഉന്നയിച്ചതോടെയാണ് ഇന്ത്യ സൈന്യത്തെ അയച്ചത്. കശ്മീരിനെ ചൊല്ലിയുള്ള പാകിസ്താനുമായുള്ള സൈന്യത്തിന്റെ പോരാട്ടം 70 വര്‍ഷങ്ങള്‍ക്ക് ശേഷവും തുടരുകയാണ്.
സ്വാതന്ത്ര്യത്തിന് ശേഷം ഖൈബര്‍ പ്രാദേശിക ഗോത്ര വര്‍ഗ്ഗക്കാര്‍ കശ്മീരിനെ ആക്രമിക്കുകയും പാകിസ്താന് പിന്തുണ നല്‍കുകയും ചെയ്തതോടെ കശ്മീര്‍ രാജാവ് ഹരിസിങ് ഇന്ത്യയുടെ സഹായം തേടിയത്. ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചാല്‍ സഹായിക്കാമെന്ന ഇന്ത്യയുടെ വ്യവസ്ഥ ഹരിസിങ് അംഗീകരിക്കുകയും 1947 ഒക്ടോബര്‍ 27 ന് ഇന്ത്യന്‍ സൈന്യം കശ്മീരിലിറങ്ങുകയും ചെയ്തു.
പിന്നീട് കശ്മീരെന്നത് ഇന്ത്യക്കും പാകിസ്താനുമിടയിലെ തീരാതര്ക്കമായി മാറി. ജനങ്ങളെ ഇന്ത്യയോട് ചേര്‍ന്ന് നിര്‍ത്താന്‍ പ്രത്യേക സംസ്ഥാനപദവി നല്‍കിയെങ്കിലും കഴിഞ്ഞ 70 വര്‍ഷമായി സ്വാതന്ത്രം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭവും കശ്മീരില്‍ ശക്തമാണ്. ഏഴ് ലക്ഷത്തിലധികം സൈനികരാണ് കശ്മീരിന്റെ മണ്ണിലുള്ളത്. കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതും പ്രത്യേക സൈനീകാധികാരനിയമം അടിച്ചേല്‍പ്പിച്ചതും ജനങ്ങളെ ഭരണകൂടങ്ങള്ക്കെതിരാക്കി.
1989ലും 2010ലും കശ്മീര്‍ സംഘര്‍ഷഭരിതമായി. അതിന് ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് കശ്മീര്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 93 പേര് കൊല്ലപ്പെട്ടതോടെ കശ്മീരിലെ അശാന്തി തുടരുകയാണ്.
ബുര്‍ഹാന്റെ കൊലപാതകത്തിന് ശേഷം ചരിത്രത്തിലെ ഏറ്റവും നീണ്ട കര്‍ഫ്യൂവിനും കശ്മീര്‍ സാക്ഷിയായി. ഇന്ത്യന്‍ സേനയെ അധിനിവേശസേനയായാണ് ഹുറിയത്ത് കോണ്‍ഫ്രന്‍സ് അടക്കമുള്ള സ്വതന്ത്രകശ്മീര്‍ വാദ സംഘടനകള്‍ കാണുന്നത്. ഹുറിയത്തിന്റെ നേതൃത്വത്തില്‍ കശ്മീരില്‍ ഇന്ന് കരിദിനം ആചരിക്കും.