കാവേരി തര്‍ക്കം: കര്‍ണാടകയുടെ പുനപരിശോധനാ ഹരജി ഇന്ന് പരിഗണിക്കും
|തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന ഉത്തരവിനെതിരെ കര്‍ണാടകം സമര്‍പ്പിച്ച പുനപരിശോധനാ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന ഉത്തരവിനെതിരെ കര്‍ണാടകം സമര്‍പ്പിച്ച പുനപരിശോധനാ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സംഘര്‍ഷ സാധ്യത പരിഗണിച്ച് കര്‍ണാടകയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇരുസംസ്ഥാനങ്ങള്‍ക്കുമിടയില്‍ പൂര്‍ണമായും ഗതാഗതം മുടങ്ങും. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും കെഎസ്ആര്‍ടിസി റദ്ദാക്കി.
3000 ഘനഅടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന കാവേരി മേല്‍നോട്ട സമിതിയുടെ തീരുമാനത്തില്‍ കര്‍ണാടക നിലപാട് വ്യക്തമാക്കാനിരിക്കെയാണ് സുരക്ഷ ശക്തമാക്കിയത്. കേന്ദ്ര ജലവിഭവ സെക്രട്ടറി ശശിശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തമിഴ്‌നാടിന് കൊടുക്കേണ്ട വെള്ളത്തിന്റെ അളവ് കുറച്ചത്. ഈ മാസം 21 മുതല്‍ 30 വരെ പത്ത് ദിവസത്തേക്ക് 3000 ഘനയടി വെള്ളം തമിഴ്‌നാടിന് നല്‍കണമെന്നാണ് സമിതിയുടെ നിര്‍ദ്ദേശം. സമിതിയുടെ തീരുമാനത്തിനെതിരെ കര്‍ണാടക നിരവധി വാദങ്ങള്‍ ഉന്നയിച്ചിരുന്നു. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ തീരുമാനത്തിലുള്ള എതിര്‍പ്പ് കര്‍ണാടകം കോടതിയെ അറിയിക്കും. സമിതിയുടെ നിര്‍ദേശത്തെക്കുറിച്ച് സുപ്രീംകോടതിയില്‍ അന്തിമ തീരുമാനമുണ്ടാവും.
തീരുമാനം വന്നാല്‍ സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത പരിഗണിച്ച് ഹുസൂര്‍, മൈസൂര്‍ റോഡുകളില്‍ ദ്രുതകര്‍മ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത പരിഗണിച്ച് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിയതോടെ മലയാളികളും വലഞ്ഞു. ഇന്നത്തേക്കുള്ള മുന്‍കൂര്‍ ബുക്കിങ് കഴിഞ്ഞയാഴ്ച തന്നെ നിര്‍ത്തിയിരുന്നു. സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ബുധനാഴ്ച സര്‍വിസ് നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സര്‍വിസ് നടത്തുമെന്ന് കര്‍ണാടക ആര്‍.ടി.സിയും സ്വകാര്യ ബസ് ഓപറേറ്റര്‍മാരും അറിയിച്ചു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലുള്ള കര്‍ണാടക ആര്‍.ടി.സിയുടെയും തമിഴ്നാട് കോര്‍പറേഷന്റെയും ബസ് സര്‍വിസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പൂര്‍ണമായും മുടങ്ങിക്കിടക്കുകയാണ്. കര്‍ണാടക രജിസ്ട്രേഷനുള്ള സ്വകാര്യ ബസുകളെയും പൊലീസ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നില്ല.