ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേട് നടന്നെന്ന് സിഎജി റിപ്പോര്‍ട്ട്
|നിര്‍മാണപ്രവൃത്തിയിലും സാധനസാമഗ്രികള്‍ വാടകക്കെടുത്തതിലും ടെണ്ടര്‍ നടപടികളിലുമെല്ലാം അഴിമതി നടന്നിട്ടുണ്ട്
ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഗുരുതരമായ ക്രമക്കേട് നടന്നെന്ന് സിഎജി റിപ്പോര്‍ട്ട്. ഗെയിംസിന്റെ നടപ്പില്‍ ഓരോ ഘട്ടത്തിലും അഴിമതി നടന്നു. ആസൂത്രണമില്ലാതെ നടത്തിയ ഗെയിംസ് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി രാജ്യാന്തര സ്റ്റേഡിയം നവീകരണത്തില്‍ 10.26 കോടി, വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി സ്വിമ്മിംഗ് പൂള്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ശേഷം പൊളിച്ച് നീക്കിയതില്‍ 8 കോടി, തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിലെ കോര്‍ട്ട് നിര്‍മ്മിച്ചതില്‍ 1.5 കോടി, അധികമായി വെളളക്കുപ്പികള്‍ വാങ്ങിയതില്‍ 5.75 ലക്ഷം, റണ്‍ കേരള റണ്‍ നടത്തിപ്പിന് 10 കോടി, സമാപന സമ്മേളനത്തില്‍ ഭക്ഷണം വാങ്ങിയതില്‍ 26 ലക്ഷം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി ഗെയിംസ് നടത്തിപ്പില്‍ ക്രമക്കേട് നടന്നുവെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
തിരുവനന്തപുരം ടെന്നീസ് ക്ലബ് സ്വകാര്യ വ്യക്തികളുടെ പേരിലാണ്. ഇതിലാണ് സര്‍ക്കാര്‍ പണം മുടക്കിയത്. താരങ്ങള്‍ക്ക് ഗെയിംസിന് പരീശീലനം നടത്തുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. എസി വാടകക്കെടുത്തതിലും ഫ്രിഡ്ജ്, ലാപ് ടോപ്പ് എന്നിവ വാങ്ങിയതിലും ക്രമക്കേട് നടന്നു. റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. റണ്‍ കേരള റണിന്റെ സംഘാടനത്തിന് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്കൂളുകളും കോളെജുകളും വഴി വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
7000 സ്ഥാപനങ്ങളെന്നതില്‍ 6000 സ്ഥാപനങ്ങളും സര്‍ക്കാര്‍ മുഖേനയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഒരു കോടി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തോയെന്ന് തിട്ടപ്പെടുത്തലുമുണ്ടായില്ല. ഗെയിംസിന് ശേഷം ബാക്കിയായ ഇരുപതിനായിരം കോടി രൂപ സ്വകാര്യ അക്കൌണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.