മോദി സര്‍ക്കാര്‍ കശ്മീരിനെ യുദ്ധക്കളമാക്കി: രാഹുല്‍
|പിഡിപി - ബിജെപി സഖ്യമാണ് കശ്മീരിലെ സ്ഥിതി വഷളാക്കിയതെന്ന് രാഹുല്‍
ഉറി ആക്രമണത്തിലും കശ്മീര്‍ വിഷയത്തിലും മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുപിഎ സര്‍ക്കാറിന്റെ കാലത്ത് ശാന്തമായിരുന്ന പ്രദേശത്തെ മോദി സര്‍ക്കാര്‍ യുദ്ധക്കളമാക്കി. പിഡിപി - ബിജെപി സഖ്യമാണ് കശ്മീരിലെ സ്ഥിതി വഷളാക്കിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഉറി ആക്രമണത്തില്‍ പാകിസ്താന്റെ നടപടിയെ അപലപിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ സൈനികരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ രാഷ്ട്രീയമാണ് കശ്മീരില്‍ ആക്രമണത്തിനുള്ള സാഹചര്യമൊരുക്കിയത്. കശ്മീര്‍, രാജ്യസുരക്ഷ വിഷയങ്ങളില്‍ മോദി സര്‍ക്കാരിന് വ്യക്തമായ നയമില്ല. നിലവിലെ സാഹചര്യം അപകടകരമാണന്നും രാഹുല്‍ പറഞ്ഞു.
താല്‍ക്കാലിക പരിഹാര നടപടികളല്ല ഇക്കാര്യത്തില്‍ വേണ്ടത്. എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. കശ്മീരിനെ പ്രക്ഷുബ്ധമാക്കി ഭീകരര്‍ക്ക് തുറന്നുകൊടുത്തത് പിഡിപി - ബിജെപി സര്‍ക്കാരാണെന്നും രാഹുല്‍ ആരോപിച്ചു. ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടികളില്‍ കോണ്‍ഗ്രസ് പങ്കുചേരുമെന്നും രാഹുല്‍ പറഞ്ഞു.