ഉറിയിലെ തീവ്രവാദി ആക്രമണം: ആഭ്യന്തര മന്ത്രാലയം യോഗം വിളിച്ചു
|ഇന്നലെ ഉറിയിലെത്തിയ എന്‍ഐഎ സംഘം ആദ്യ ഘട്ട പരിശോധന നടത്തി.
ജമ്മു കശ്മീരിലെ ഉറിയില്‍ സൈനികകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവും ആഭ്യന്തര പ്രതിരോധ സെക്രട്ടറിമാരും പങ്കെടുക്കുന്നുണ്ട്. ആക്രമണം നടന്ന ഉറി സൈനികത്താവളത്തിലെത്തി എന്‍ഐഎ സംഘം തെളിവ് ശേഖരണം ആരംഭിച്ചു.
ഉറി ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഉന്നതതലയോഗമാണ് ഇത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹ മന്ത്രി ജിതേന്ദര്‍ സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബി തലവന്‍, ആഭ്യന്തര-പ്രതിരോധ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക കേന്ദ്രങ്ങളിലെയും അതിര്‍ത്തികളിലെയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന അജണ്ട. വന്‍ സുരക്ഷ കവചങ്ങള്‍ മറികടന്ന് ഉറിയിലെ സൈനികത്താവളത്തില്‍ തീവ്രവാദികള്‍ക്ക് പ്രവേശിക്കാനായത് വലിയ സുരക്ഷ വീഴ്ചയാണെന്ന വിലയിരുത്തലാണ് പ്രതിരോധ മന്ത്രാലയത്തിനുള്ളത്. ഇക്കാര്യത്തില്‍ സൈന്യം ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ എന്‍ഐഎ സംഘം സൈനികത്താവളത്തിലെത്തി തെളിവ് ശേഖരണം ആരംഭിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളുടെ രക്ത സാമ്പിളുകളും വിരലടയാളങ്ങളും സംഘം ശേഖരിച്ചു. തീവ്രവാദികളില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളും ജിപിഎസ് ഉപകരണങ്ങളും സൈന്യം എന്‍ഐഎക്ക് കൈമാറും. ജിപിഎസ് ഉപകരണം അമേരിക്കന്‍ നിര്‍മ്മിതമാണ്. അതിനാല്‍ ഫോറന്‍സിക് പരിശോധനക്കായി അമേരിക്കയിലേക്ക് തന്നെ അയക്കും. തീവ്രവാദികള്‍ സഞ്ചരിച്ച വഴികള്‍, സന്ദേശങ്ങള്‍ കൈമാറിയ കേന്ദ്രങ്ങള്‍ എന്നിവ ജിപിഎസ് ഡാറ്റ ശേഖരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.