കശ്മീര്‍ താഴ് വരയിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തി
|വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ വിലയിരുത്താനാണ് തന്റെ വസതിയില്‍ ഉന്നത തലയോഗം വിളിച്ചു ചേര്‍ത്തത്....
സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീര്‍ താഴ് വരയിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിതി ഡോവലും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മുതിര്‍ന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും നിലവിലുള്ള സാഹചര്യം വിശദീകരിച്ചത്. ഉന്നതതല യോഗത്തില്‍ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഉണ്ടായില്ലെന്ന ആരോപണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്തെത്തി. അതിനിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് താഴ് വരയിലുണ്ടായ സംഘര്‍ഷത്തില്‍ മരണമടഞ്ഞവരുടെ എണ്ണം മുപ്പതായി.
വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ വിലയിരുത്താനാണ് തന്റെ വസതിയില്‍ ഉന്നത തലയോഗം വിളിച്ചു ചേര്‍ത്തത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ് ലി, പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ തുടങ്ങി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. താഴ് വരയിലെ സംഭവവികാസങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിയ്ക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ്ങ് യോഗത്തിനു ശേഷം പറഞ്ഞു.
എന്നാല്‍ യോഗത്തില്‍ സംസ്ഥാനത്തിന്റെ പ്രാതിനിധ്യമുണ്ടായില്ലെന്ന് കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാവ് ഒമര്‍ അബ്ദുള്ള ആരോപിച്ചു. മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടെന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് 17ന് നടത്താനിരുന്ന അമേരിയ്ക്കന്‍ സന്ദര്‍ശനം മാറ്റി വെച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതില്‍ പ്രതിഷേധിച്ച് ഹുറിയത്ത് കോണ്‍ഫറന്‍സ് താഴ് വരയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. സോപോറില്‍ പോലീസ് സംഘം ആക്രമിയ്ക്കപ്പെട്ടു. 20 കന്പനി സൈനിക വിഭാഗങ്ങളെയാണ് ഇപ്പോള്‍ താഴ് വരയില്‍ വിന്യസിച്ചിട്ടുള്ളത്.