കശ്മീരില്‍ വീണ്ടും സംഘര്‍ഷം
|സുരക്ഷജീവനക്കാര്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷം ആരംഭിച്ചത്. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കശ്മീരില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇരുപത്തിയൊമ്പതാം ദിവസത്തിലെത്തിയപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടായിട്ടില്ല.
കശ്മീരില്‍ വീണ്ടും സംഘര്‍ഷം. അനന്തനാഗിലാണ് സൈന്യവും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. ഇന്നലെ സുരക്ഷജീവനക്കാര്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷം ആരംഭിച്ചത്. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കശ്മീരില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇരുപത്തിയൊമ്പതാം ദിവസത്തിലെത്തിയപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടായിട്ടില്ല.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്നലെ ജുമുഅ നമസ്കാരത്തിന് ശേഷം കശ്മീരിലെ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് വിവിധ ഇടങ്ങളിലായി 200 ലധികം പ്രതിഷേധ റാലികള്‍ നടന്നിരുന്നു. പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പിലാണ് 3 യുവാക്കള്‍ കൊല്ലപ്പെട്ടത്. നൂറ് കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ കഴിഞ്ഞ 29 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി. സൈനിക നടപടിയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ചിനാബ് താഴ്വരയില് പ്രഖ്യാപിച്ച ബന്ദിനിടെയാണ് അനന്തനാഗില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ 7 സ്ത്രീകളടക്കം നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ മേഖലയിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു. കശ്മീരിലെ സംഘര്‍ഷ മേഖലകളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ 29 ആം ദിവസവും തുടരുകയാണ്.