മോദിക്കെതിരെ വീണ്ടും കെജ്രിവാള്‍
|ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാലിനെ പ്രധാന മന്ത്രിയും ലഫ്ന്റന്റ് ഗവര്‍ണറും പുറത്താക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചുവെന്ന് കെജ്രിവാള്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാലിനെ പുറത്താക്കാന്‍ പ്രധാന മന്ത്രിയും ലഫ്ന്‍റനന്‍റ് ഗവര്‍ണറും കിണഞ്ഞ് പരിശ്രമിക്കുന്നതായി കെജ്രിവാള്‍ പറഞ്ഞു. സ്വാതിക്ക് ഉടന്‍ തന്നെ സ്ഥാനം നഷ്ടപ്പെട്ടേക്കാമെന്നും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും കെജ്രിവാള്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണം.
വിശ്വസനീയ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരം എന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള്‍ പ്രധാന മന്ത്രിക്കും ലഫ്. ഗവര്‍ണര്‍ക്കുമെതിരെ ട്വിറ്റ് ചെയ്തിരിക്കുന്നത്. സ്വാതി മലിവാല്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയാണ്. ഇതാകാം അവരോടുള്ള എതിര്‍പ്പിന് കാരണമെന്നും കെജ്രിവാള്‍ പറഞ്ഞു. ബലാത്സംഗ ക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയത് സ്വാതി മലിവാലിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് കെജ്രിവാളിന്‍റെ ആരോപണം.
ഡല്‍ഹി സര്‍ക്കാര്‍ ജനന്മക്കായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ക്കെല്ലാം ലഫ്ന്‍റനന്‍റ് ഗവര്‍ണറെ ഉപയോഗിച്ച് പ്രധാന മന്ത്രി തടയിടുകയാണെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. മുന്‍കൂട്ടി അറിയിക്കാത്ത പവര്‍ക്കട്ടുകള്‍ക്ക് വൈദ്യുതി കമ്പനികളില്‍ നിന്ന് നഷ്ടപരിഹരാം ഇടാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ പറഞ്ഞത് ഇതുകൊണ്ടാണ്. ഡല്‍ഹി പരിസരത്ത് ആശുപത്രികള്‍ക്ക് സ്ഥലം ചോദിച്ചിട്ടും കേന്ദ്രം അനുവദിച്ചില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.