India
ജെ.എന്‍.യുവിന് രാഷ്ട്രപതിയുടെ മികവിനുള്ള പുരസ്‌കാരംജെ.എന്‍.യുവിന് രാഷ്ട്രപതിയുടെ മികവിനുള്ള പുരസ്‌കാരം
India

ജെ.എന്‍.യുവിന് രാഷ്ട്രപതിയുടെ മികവിനുള്ള പുരസ്‌കാരം

admin
|
21 Feb 2017 3:21 PM GMT

ഇന്നൊവേഷന്‍, ഗവേഷണം എന്നീ മേഖലകളിലെ അവാര്‍ഡാണ് ജെ.എന്‍.യുവിന് ലഭിച്ചത്.

രാജ്യദ്രോഹികളുടെ കേന്ദ്രമെന്ന് ബി.ജെ.പി മുദ്രകുത്തിയ ജവഹര്‍ലാല്‍ നെഹ്‍റു സര്‍വകലാശാല (ജെ.എന്‍.യു) ക്ക് രാഷ്ട്രപതിയുടെ മികവിനുള്ള പുരസ്‌കാരം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഏര്‍പ്പെടുത്തിയ മൂന്ന് അവാര്‍ഡുകളില്‍ രണ്ടെണ്ണം ജെ.എന്‍.യു സ്വന്തമാക്കി. ഇന്നൊവേഷന്‍, ഗവേഷണം എന്നീ മേഖലകളിലെ അവാര്‍ഡാണ് ജെ.എന്‍.യുവിന് ലഭിച്ചത്. വിദ്യാഭ്യാസ രംഗത്തെ മികവിന് കേന്ദ്ര സര്‍വകലാശാലകള്‍ക്ക് നല്‍കുന്ന ‘വിസിറ്റേഴ്‌സ്’ പുരസ്‌കാരം കഴിഞ്ഞ വര്‍ഷമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

അസമിലുള്ള തെസ്പൂര്‍ സര്‍വകലാശാലയ്ക്കാണ് മികച്ച സര്‍വകലാശാലയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ജെ.എന്‍.യുവിലെ മോളിക്കുലാര്‍ പാരാസൈറ്റോളജി വിഭാഗം പ്രൊഫസര്‍ രാകേഷ് ഭട്‌നാഗര്‍, അലോക് ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങളാണ് സര്‍വകലാശാലയ്ക്ക് നേട്ടമായത്. ഭട്‌നാഗറുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ആന്ത്രാക്‌സിനെതിരായ വാക്‌സിനും ആന്റിബോഡിയുമാണ് വികസിപ്പിച്ചത്. അതേ സമയം അലോക് ഭട്ടാചാര്യ മലേറിയ അടക്കമുള്ള രോഗങ്ങളെ കുറിച്ചാണ് പഠനം നടത്തിയത്. ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ നടന്ന സംഭവങ്ങളുടെ അന്വേഷണ ചുമതലയുള്ള സമിതിയുടെ അദ്ധ്യക്ഷനാണ് പ്രൊഫസര്‍ രാകേഷ് ഭട്‌നാഗര്‍.
പത്തോളം സര്‍വകലാശാലകളെ പിന്തള്ളിയാണ് ജെ.എന്‍.യു നേട്ടം കൈവരിച്ചത്. ജെ.എന്‍.യു കാമ്പസില്‍ ഫിബ്രവരി 9 ന് നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച സമിതിയുടെ അധ്യക്ഷനാണ് പ്രൊഫ. ഭട്‌നാഗര്‍.

Similar Posts