നജീബിനെ കാണാതായിട്ട് 15 ദിവസം; ഡല്‍ഹി പൊലീസിനെ വിശ്വാസമില്ലെന്ന് കുടുംബം
|പ്രാഥമിക അന്വേഷണ നടപടികള്‍ പോലും നടന്നിട്ടില്ല; പൊലീസ് ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച്
ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ വിശ്വാസമില്ലെന്ന് കുടുംബാംഗങ്ങള്‍. ഒരു വ്യക്തിയെ കാണാതായാല്‍ സ്വീകരിക്കേണ്ട പ്രാഥമിക അന്വേഷണ നടപടികള്‍ പോലും പൊലീസ് സ്വീകരിച്ചിട്ടില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയനും ആരോപിച്ചു. സംഭവത്തില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹെഡ് ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ജെഎന്‍യു MSc ബയോ ടെക്നോളജി വിദ്യാര്‍ഥിയും ഉത്തര്‍പ്രദേശ് സ്വദേശിയുമായ നജീബ് അഹമ്മദിനെ കാണാതായിട്ട് 14 ദിവസം പിന്നിട്ടിട്ടും അന്വേഷണം ഊര്‍ജ്ജിതമാക്കാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി നജീബിന്റെ കുടുംബാംഗങ്ങളും സര്‍വകലാശാല യൂണിയനും രംഗത്ത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍വകലാശാല അധികൃതരും പൊലീസും ഒത്തുകളിക്കുകയാണെന്നും നജീബിന്റെ കുടുംബം ആരോപിച്ചു.
ഒരു വ്യക്തിയെ കാണാതായി ആഴ്ചകള്‍ പിന്നിട്ടിട്ടും കാമ്പസില്‍ തെരച്ചില്‍ നടത്തുകയോ ബാങ്ക് അക്കൌണ്ടോ ഫോണ്‍ കോളുകളോ പരിശോധിക്കുകയോ പൊലീസ് ചെയ്തിട്ടില്ല.കാമ്പസിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ വിവരങ്ങളോ, സിസി ടിവി ദൃശ്യങ്ങളോ ശേഖരിച്ചിട്ടില്ല. കാമ്പസില്‍ നിന്ന് നജീബിനെ കാണാതാകുന്നതിലേക്ക് നയിച്ച തര്‍ക്കത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനോ പൊലീസില്‍ പരാതി നല്‍കാനോ സര്‍വകലാശാല അധികൃതരും തയ്യാറായിട്ടില്ല. കാമ്പസില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് എബിവിപി ശ്രമിക്കുന്നതെന്നും ഭരണ കൂടവും സര്‍വകലാശാലയും പൊലീസും അതിനെ പിന്താങ്ങുകയാണ് ചെയ്യുന്നതെന്നും ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചു.