കേന്ദ്രത്തിന്റെ പുതിയ വൈദ്യുതി വിതരണ നയം കേരളത്തിന് തിരിച്ചടി
|പുതിയ നയം സംസ്ഥാനത്തിന് പ്രതികൂലമെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്
സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്ന വൈദ്യുതി വിതരണ നയവുമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം. പുതിയ വൈദ്യുതി പദ്ധതികളില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 15 ശതമാനം മാത്രം കേന്ദ്ര ഗ്രിഡില്‍ നല്‍കിയാല്‍മതിയെന്ന് കരട് നയത്തില്‍ നിര്‍ദേശം. പുതിയ വൈദ്യുതി പദ്ധതികള്‍ക്കാണ് ഈ നിബന്ധ ബാധകമാകുന്നത്. പുതിയ നയം സംസ്ഥാനത്തിന് പ്രതികൂലമാണെന്നും ആശങ്ക കേന്ദ്രത്തെ അറിയിച്ചതായും വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന് മീഡിയവണിനോട് പറഞ്ഞു.
വൈദ്യുതി പദ്ധതികളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും ഇപ്പോള്‍ കേന്ദ്ര ഗ്രിഡിലേക്കാണ് പോകുന്നത്. അതില്‍ നിന്നാണ് സംസ്ഥാനങ്ങള്‍ക്ക് അവരുടെ വിഹിതം ലഭിക്കുന്നത്. ഉത്പാദനം കുറവും ഉപഭോഗം കൂടുതലുമുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാണ് നിലവിലെ ഈ നയം. കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് നയത്തിലാണ് ഈ അനുപാതത്തില്‍ മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ പദ്ധതികളില്‍ നിന്ന് ഉത്പാദിക്കുന്ന വൈദ്യുതിയുടെ 85 ശതമാനും സംസ്ഥാനത്ത് തന്നെ ഉപയോഗിക്കണം. 15 ശതമാനം മാത്രമേ കേന്ദ്ര ഗ്രിഡില്‍ നല്‍കേണ്ടതുള്ളൂ എന്നാണ് കരട് നയം പറയുന്നത്. ഇതോടെ കേന്ദ്ര ഗ്രിഡില്‍ നിന്ന് വൈദ്യുതി വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറയും. പുതിയ നിര്‍ദേശം വന്നതില്‍ ആശങ്കയിലാണ് സംസ്ഥാനം.
വൈദ്യുതി ഉത്പാദന സംസ്ഥാനങ്ങള്‍ പിന്തുണക്കുന്നതിനാല് പുതിയ നിര്‍ദേശം പ്രാവര്‍ത്തികമാകാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഉപഭോഗത്തിന്റെ 61 ശതമാനവും പുറത്തുനിന്ന് വാങ്ങുന്ന കേരളത്തിന് ഇതിന്റെ പകുതിയലധികവും ലഭിക്കുന്നത് കേന്ദ്ര ഗ്രിഡില്‍ നിന്നാണ്. സ്വകാര്യ ഉല്പാദകരില് നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ട സ്ഥിതിയിലേക്കും തുടര്‍ന്ന് വൈദ്യുതിചാര്‍ജ് വര്ധനയിലുമായിരിക്കും പുതിയ നയം നടപ്പായാല്‍ കേരളം എത്തിച്ചേരുക.