ഉന്നത വിദ്യാഭ്യാസ ധനകാര്യ ഏജന്‍സിക്ക് കേന്ദ്രത്തിന്റെ അംഗീകാരം
|ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി ഫണ്ട് കണ്ടെത്തുന്നതിനുള്ള ഉന്നത വിദ്യാഭ്യാസ ധനകാര്യ ഏജന്‍സിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി ഫണ്ട് കണ്ടെത്തുന്നതിനുള്ള ഉന്നത വിദ്യാഭ്യാസ ധനകാര്യ ഏജന്‍സിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രണ്ടായിരം കോടി രൂപയുടെ മൂലധനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഏജന്‍സിയില്‍ ആയിരം കോടി രൂപയുടെ ഓഹരി കേന്ദ്ര സര്‍ക്കാരിനായിരിക്കും. വിപണിയില്‍ നിന്ന് വായ്പകളിലൂടെ സമാഹരിക്കുന്ന പണം ഉയര്‍ന്ന പലിശക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കടമായി നല്‍കുകയാണ് ഏജന്‍സി ചെയ്യുക.
കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഐഐടികള്‍, ഐഐഎമ്മുകള്‍, കേന്ദ്ര സര്‍വ്വകലാശാലകള്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആധുനിക അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനാണ് വിദ്യാഭ്യാസ ധനകാര്യ ഏജന്‍സി അഥവ ഹെഫ രൂപീകരിച്ചത്. പൊതുമേഖല ബാങ്കിന്റെയോ, സര്‍ക്കാരിന്റെ ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെയോ കീഴിലായിരിക്കും ഹെഫ പ്രവര്‍ത്തിക്കുക. കടവിപണിയില്‍ നിന്നും, പൊതു-സ്വകാര്യ കമ്പനികളില്‍ നിന്നും എട്ട് ശതമാനം പലിശ നിരക്കില്‍ വായ്പയായാണ് ഹെഫ ഫണ്ട് കണ്ടെത്തുക. ഇത്തരത്തില്‍ 20,000 കോടി രൂപ അദ്യഘട്ടത്തില്‍ സമാഹരിക്കും. ഹെഫയില്‍ അംഗമാകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് ഈ പണം ഉയര്‍ന്ന പലിശക്ക് കടമായി നല്‍കും. സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തി ഈ പണം തിരിച്ചടക്കണം. പത്ത് വര്‍ഷത്തെ കാലാവധിയിലായിരിക്കും ഹെഫ പണം നല്‍കുക. കേന്ദ്ര ഫണ്ട് വാങ്ങുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹെഫയില്‍ ചേരാന്‍ അര്‍ഹതയുണ്ടാകും. അംഗത്വം ലഭിക്കാന്‍ കേന്ദ്ര സഹായമായി ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം പത്ത് വര്‍ഷത്തേക്ക് സ്ഥാപനങ്ങള്‍ ഹെഫയില്‍ നിക്ഷേപിക്കണം. ഈ നിക്ഷേപത്തിന്റെ തോതിനനുസരിച്ചായിരിക്കും ഹെഫ സ്ഥാപനത്തിന്റെ വായ്പ പരിധി നിശ്ചയിക്കുക.