പാകിസ്താന് തടവിലാക്കിയ ഇന്ത്യന്‍ സൈനികന്റെ മോചനത്തിനായി ശ്രമം തുടങ്ങിയതായി പ്രതിരോധമന്ത്രി
|തങ്ങളുടെ വ്യോമപരിധിയിലൂടെ വിദേശ വിമാനങ്ങള്‍ പറക്കുന്നതിന് പാകിസ്താന് നിയന്ത്രണമേര്‍പ്പെടുത്തി.
നിയന്ത്രണരേഖ മറികടന്നതിനെ തുടര്‍ന്ന് പാക് സൈന്യം കസ്റ്റഡിയില്‍ എടുത്ത ഇന്ത്യന്‍ സൈനികന്റെ മോചനത്തിനായി ശ്രമം ആരംഭിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. നുഴഞ്ഞ് കയറ്റ സാധ്യത മുന്‍നിര്‍ത്തി അതിര്‍ത്തിയിലെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് അവിചാരിതമായി അതിര്‍ത്തി മുറിച്ച് കടന്ന ഇന്ത്യന്‍ സൈനികന് പാകിസ്താന് പട്ടാളത്തിന്റെ പിടിയിലായത്. സൈനികന്റെ സുരക്ഷിതമായ മോചനത്തിനായി ഇരു രാജ്യങ്ങളിലെയും ഡിജിഎംഒ മാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി
രാജ്യത്തെ പ്രധാനനഗരങ്ങളിലെ അതീവജാഗ്രത നിര്‍ദേശം തുടരുകയാണ്. സംശയാസ്പദമായ ഏത് സാഹചര്യത്തെക്കുറിച്ചും പൊലീസില്‍ വിവരം അറിയിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പാക് ബന്ധമുള്ള ഭീകരരുടെ നുഴഞ്ഞ് കയറ്റ സാധ്യതമുന്‍നിര്‍ത്തി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കാനാണ് സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
തങ്ങളുടെ വ്യോമപരിധിയിലൂടെ വിദേശ വിമാനങ്ങള്‍ പറക്കുന്നതിന് പാകിസ്താന് നിയന്ത്രണമേര്‍പ്പെടുത്തി. കറാച്ചി എയര്‍സ്പേസില്‍ നിന്ന് 33,000 അടി താഴെ പറക്കുന്നതിനും കറാച്ചിയില്‍ നിന്ന് 29,000 അടി താഴെ പറക്കുന്നതിനുമാണ് പരിധി നിശ്ചയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ നിയന്ത്രണം ഒരാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലാഹോറിലെ പരിധി ഈ മാസം അവസാനംവരെ നീണ്ടു നില്ക്കും. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ഒരു വാദം. എന്നാല്‍ പാക് സൈനിക വിമാനങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായാണ് നിയന്ത്രണമെന്നും റിപ്പോര്‍ട്ടുണ്ട്.