കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും വോട്ട് ചെയ്യണമെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി
|ചെന്നൈ വെള്ളപ്പൊക്കക്കാലത്ത് തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിത ഉറങ്ങുകയായിരുന്നുവെന്ന്
ഡിഎംകെ നേതാവ് എം കരുണാനിധി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ജന്മനാടായ തിരുവാരൂറില്‍ മല്‍സരിക്കുന്ന കരുണാനിധി ചെന്നൈയിലെ സൈദാപേട്ടയിലാണ് ആദ്യമായി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത്. ചെന്നൈ വെള്ളപ്പൊക്കക്കാലത്ത് തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിത ഉറങ്ങുകയായിരുന്നുവെന്ന് കരുണാനിധി ആരോപിച്ചു.
92 വയസായി മുത്തുവേല്‍ കരുണാനിധി എന്ന എം. കരുണാനിധിക്ക്. വീല്‍ചെയറിലാണ് സഞ്ചാരം. എന്നാല്‍, ഹെലികോപ്ടറില്‍ സഞ്ചരിക്കുന്ന ജയലളിതക്കെതിരെ റോഡ് മാര്‍ഗം സഞ്ചരിച്ചാണ് കരുണാനിധി പ്രചാരണത്തിനിറങ്ങുന്നത്. ചെന്നൈ വെള്ളപ്പൊക്ക സമയത്ത് പോലും ഹെലികോപ്ടറില്‍ നിന്നിറങ്ങാന്‍ ജയലളിത തയ്യാറായില്ലെന്ന് കരുണാനിധി ആരോപിച്ചു.
വെള്ളപ്പൊക്ക സമയത്ത് ജയലളിത ജനങ്ങളുടെ കാര്യമല്ല, സ്വന്തം പബ്ലിസിറ്റി മാത്രമാണ് ശ്രദ്ധിച്ചതെന്നും കരുണാനിധി ആരോപിച്ചു. വാര്‍ത്താ സമ്മേളനങ്ങളിലെ പ്രസ്താവനകള്‍ പോലും നോക്കി വായിക്കാറുള്ള കരുണാനിധി പക്ഷേ, സൈദാപേട്ടയില്‍ പതിവ് തെറ്റിച്ചു. പക്ഷേ, ഇതിനിടെ ഒരു അബദ്ധവും പറ്റി. ഡിഎംകെക്കും സഖ്യകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും വോട്ട് ചെയ്യണമെന്ന് പ്രസംഗിച്ചു. ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന ഡിഎംകെ നേതാവ് ദയാനിധി മാരന്‍ കോണ്‍ഗ്രസാണ് ഡിഎംകെയുടെ സഖ്യകക്ഷിയെന്ന് തിരുത്തി.