മായാവതിയെ അധിക്ഷേപിച്ച നേതാവിനെ ബിജെപി പുറത്താക്കി
|അതേസമയം തനിക്കെതിരായ ഈ പരാമര്‍ശത്തിന് ബിജെപിയോട് രാജ്യം പൊറുക്കില്ലെന്നായിരുന്നു മായാവതിയുടെ പ്രതികരണം......
ബിഎസ്പി ദേശീയ അധ്യക്ഷ മായാവതിയെ ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് ദയാശങ്കര്‍ സിംഗ് വേശ്യയോടുപമിച്ചതിനെതിരെ വ്യാപക പ്രതിഷേധം. പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ പ്രതിഷേധിച്ചതോടെ ഖേദം പ്രകടിപ്പിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി തന്നെ രംഗത്തെത്തി. തുടര്‍ന്ന് ദയാശങ്കറിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ബിജെപി നീക്കി. അതേസമയം തനിക്കെതിരായ ഈ പരാമര്‍ശത്തിന് ബിജെപിയോട് രാജ്യം പൊറുക്കില്ലെന്നായിരുന്നു മായാവതിയുടെ പ്രതികരണം.
ഉത്തര്‍പ്രദേശിലെ ബിജെപി വൈസ് പ്രസിഡണ്ടായിരുന്ന ദയാശങ്കറാണ് ബിഎസ്പി നേതാവ് മായാവതിക്കെതിരെ ഹീനമായ പരാമര്‍ശം നടത്തിയത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റുകള്‍ കോടികള്‍ വാങ്ങി വില്‍ക്കുകയാണ് മായാവതി ചെയ്യുന്നതെന്നും, മായാവതിയുടെ സ്വഭാവം വേശ്യയുടേതിനേക്കാള്‍ പരിതാപകരമാണ് എന്നുമായിരുന്നു പരാമര്‍ശം. വിഷയം കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭയിലും ഉയര്‍ത്തി. പ്രതിപക്ഷ നേതാക്കള്‍ പ്രസ്താവനയെ അപലപിച്ച് പ്രസ്താവനകള്‍ നടത്തി. ഗുജ്റാത്തിലെ ദളിത് പ്രക്ഷോഭത്തില്‍ പ്രതിരോധത്തിലായിരുന്ന സര്‍ക്കാരിന് ഇതുകൂടി ആയപ്പോള്‍ പിടിച്ച് നില്‍ക്കാനായില്ല. തുടര്‍ന്ന് രാജ്യസഭയില്‍ ഖേദം പ്രകടിപ്പിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി രംഗത്തെത്തി.
പ്രസ്താവനക്ക് രാജ്യസഭയില്‍ തന്നെ മായാവതി മറുപടി പറഞ്ഞു. പാര്‍ലമെന്‍റിനകത്തും പുറത്തും പ്രസ്താവന വന്‍ വിവാദമായതോടെ ദയാശങ്കറിന്‍റെ ബിജെപിയുടെ എല്ലാ സംഘടന സ്ഥാനങ്ങളില്‍ നിന്നും നീക്കി ബിജെപി മുഖം രക്ഷിച്ചു.