India
ശൌചാലയമില്ല, സ്വകാര്യതയില്ല...വെള്ളപ്പൊക്കം വിതച്ച ദുരിതത്തില്‍ ബിഹാറിലെ സ്ത്രീകള്‍ശൌചാലയമില്ല, സ്വകാര്യതയില്ല...വെള്ളപ്പൊക്കം വിതച്ച ദുരിതത്തില്‍ ബിഹാറിലെ സ്ത്രീകള്‍
India

ശൌചാലയമില്ല, സ്വകാര്യതയില്ല...വെള്ളപ്പൊക്കം വിതച്ച ദുരിതത്തില്‍ ബിഹാറിലെ സ്ത്രീകള്‍

Jaisy
|
21 April 2017 8:08 PM GMT

പറ്റ്നയിലെ മാനറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് സര്‍ക്കാര്‍ തുറന്നിട്ടുള്ളത്

ഒരു നിലയില്ലാകയത്തിലാണ് ബീഹാര്‍ എന്ന സംസ്ഥാനം. ഒരാഴ്ചയോളമായി തുടരുന്ന കനത്ത മഴ അത്രമേല്‍ അവരുടെ ജീവിതത്തില്‍ നാശം വിതച്ചിരിക്കുന്നു. ശക്തമായ മഴയില്‍ ഗംഗ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ സമീപപ്രദേശങ്ങളും വെള്ളത്തിലായി. വീടുകളും സാധനസാമഗ്രികളും നശിച്ചു. വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 138 ആയി. 1934 ഗ്രാമങ്ങളിലായി 3.44 ലക്ഷത്തോളം ആളുകളോട് മാറിത്താമസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1.74 ലക്ഷത്തോളം ആളുകളെ 433 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പറ്റ്നയിലെ മാനറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് സര്‍ക്കാര്‍ തുറന്നിട്ടുള്ളത്. പേരിന് പോലും ഒരു ശൌചാലയമില്ലാത്ത ക്യാമ്പുകള്‍. ഇതുമൂലം കൂടുതല്‍ ബുദ്ധിമുട്ടുന്നത് സ്ത്രീകളാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൌകര്യമില്ലാതെ ഓരോ പകലിലും രാത്രിയാകാന്‍ കാത്തിരിക്കുകയാണ് ഇവര്‍.

മാനറിലെ നയതോള ഗ്രാമത്തില്‍ നിന്നുള്ള നാല്‍പതുകാരിയായ മുനിയ ദേവി ക്യാമ്പിലെത്തിയിട്ട് കുറച്ചു ദിവസങ്ങളായി. ഞങ്ങളെപ്പോലുള്ള പാവപ്പെട്ട സ്ത്രീകളെ സഹായിക്കാന്‍ ആരുമില്ല, ഇത് ഞങ്ങളുടെ വിധിയാണ്. ആര്‍ക്കും സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത് മുനിയ ദേവി പറഞ്ഞു. ദുരിത ബാധിത പ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകനായ മഹേന്ദര്‍ യാദവ് പറഞ്ഞു. ഇവിടെ അവരുടെ അന്തസിനെ വിഴുങ്ങേണ്ടി വരുന്നു, സ്വകാര്യത ഒരു പ്രശ്നമായി മാറിയിരിക്കുന്നു.

ഡാനപൂരിലുള്ള ഡാല്‍ദേവ് ഇന്റര്‍ സ്കൂളിലാണ് ലക്നി ദേവിയും കുടുംബവും അഭയം തേടിയിരിക്കുന്നത്. ഒരു ടോയ്‍ലറ്റ് പോലും ഈ സ്കൂളിലില്ല. വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ലക്നി പറയുന്നു. ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും അവസ്ഥ ഇതിലും മോശമാണ്. ഇവര്‍ക്ക് വേണ്ടത്ര സൌകര്യമൊരുക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടതായി സാമൂഹ്യപ്രവര്‍ത്തകനായ നിഖില്‍ ആനന്ദ് പറഞ്ഞു.

Similar Posts