ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ തയ്യാര്‍, സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പു തരണം: വിജയ് മല്യ
|ഏറ്റവും കൂടുതല്‍ പണം തിരിച്ചടയ്ക്കാനുള്ള എസ് ബി ഐയുമായി പുതിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയും മല്യ മുമ്പോട്ടു വെച്ചതായി ഇകണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു
സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പു നല്കിയാല് ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ തയ്യാറാണെന്ന് വിജയ് മല്യ. ഏറ്റവും കൂടുതല്‍ പണം തിരിച്ചടയ്ക്കാനുള്ള എസ് ബി ഐയുമായി പുതിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയും മല്യ മുമ്പോട്ടു വെച്ചതായി ഇകണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9,400 കോടി രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മല്യ നാടുവിട്ടിട്ട് രണ്ടു മാസം കഴിഞ്ഞു.
മല്യയുടെ കമ്പനിയായ യുണൈറ്റഡ് ബ്രീവറീസ് ലിമിറ്റഡിന്റെ ബോര്‍ഡ് വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് വിജയ് മല്യ പറഞ്ഞ ഇക്കാര്യങ്ങള്‍ ഡയറക്ടര്‍മാര്‍ അറിയിച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മല്യ ബോര്‍ഡ് മീറ്റിംഗ് നയിച്ചത്. എത്രയും പെട്ടെന്ന് വായ്പകള്‍ തിരിച്ചടയ്ക്കാമെന്ന് മല്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാരുടെ ശമ്പളം നല്കാന് കഴിയാത്തത് കര്‍ണാടക ഹൈക്കോടതി അക്കൌണ്ടുകളും ആസ്തികളും മരവിപ്പിച്ചിരിക്കുന്നത് കൊണ്ടാണെന്നും ഇക്കാര്യത്തിലും ഉടന്‍ തീര്‍പ്പുണ്ടാക്കുമെന്നും മല്യ പറഞ്ഞു. മല്യയ്ക്കെതിരെ ഇന്ത്യ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തതിനു പിന്നാലെ മല്യ രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു. മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഹൈകമീഷനോട് ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടണ് ഇത് നിരസിച്ചിരുന്നു.