പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടം ഇന്ന് അവസാനിയ്ക്കും
|അവസാന ദിനത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തോടെ രാജ്യസഭ പിരിയാനാണ് സാധ്യത
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടം ഇന്ന് അവസാനിയ്ക്കും. സുപ്രധാന ബില്ലുകള്‍ പരിഗണിയ്ക്കാനായി രാജ്യസഭാ സമ്മേളനം നീട്ടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഇതിന് തയ്യാറായില്ല. ധനകാര്യബില്ലായി ലോക്സഭ പാസ്സാക്കിയ ആധാര്‍ ബില്‍ ഇന്ന് രാജ്യസഭയില്‍ വെയ്ക്കും. റിയല്‍ എസ്റ്റേറ്റ് ബില്‍ ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു.
ലോക്സഭയുടെ കൂടി അംഗീകാരം ലഭിച്ചതോടെ ബജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ സര്‍ക്കാരിന് സുപ്രധാന ബില്ലായ റിയല്‍ എസ്റ്റേറ്റ് ബില്‍ നിയമമാക്കി എടുക്കാനായി. അതെസമയം ശത്രു സ്വത്ത് നിയമം രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് സെലക്ട് കമ്മിറ്റിയ്ക്കു വിട്ടു. റെയില്‍വെ ബജറ്റിന്മേലും പൊതുബജറ്റിന്മേലുമുള്ള ചര്‍ച്ചയുടെ സമയം വെട്ടിയ്ക്കുറയ്ക്കാനാവില്ലെന്നും പ്രധാനബില്ലുകള്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ സഭാ സമ്മേളനം നീട്ടാമെന്നും പ്രതിപക്ഷം അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് തയ്യാറായില്ല. വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയെന്നും പലരും സമ്മേളന ദിനങ്ങള്‍ നീട്ടുന്നതിനെ അനുകൂലിച്ചില്ലെന്നുമാണ് പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി വിശദീകരിച്ചത്. ലോക്സഭയില്‍ പാസ്സാക്കിയ ആധാര ബില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ വെയ്ക്കും. ധനകാര്യ ബില്ലായി പാസ്സാക്കിയതിനാല്‍ രാജ്യസഭയുടെ അംഗീകാരം ലഭിച്ചില്ലെങ്കിലും ഇത് നടപ്പാക്കാന്‍ കഴിയും. രാജ്യസഭയെ നോക്കു കുത്തിയാക്കാനാണ് സര്‍ക്കാര്‍ ഇത് ധനകാര്യബില്ലാക്കിയതെന്ന ആരോപണം പ്രതിപക്ഷം നേരത്തെ ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ അവസാന ദിനത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തോടെ രാജ്യസഭ പിരിയാനാണ് സാധ്യത.