അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിടണമെന്ന് കരുണാനിധി
|കഴിഞ്ഞ ഒരാഴ്ചയായി മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയും നിര്‍ജലീകരണവുമാണ് രോഗകാരണമായി പറയുന്നത്.
അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ വിവരം ജനങ്ങളെ അറിയിക്കാന്‍ തയാറാകണം. അതിനായി ജയലളിതയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിടണമെന്നും അഭ്യൂഹങ്ങള്‍ അങ്ങനെ അവസാനിക്കട്ടെ എന്നും കരുണാനിധി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ പുറത്തുവിടുന്ന സുതാര്യമല്ലാത്ത റിപ്പോര്‍ട്ടുകള്‍ കാരണം നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്നും കരുണാനിധി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും വ്യാഴാഴ്ച രാത്രി മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവന്നതിന് പിന്നാലെയാണ് കരുണാനിധിയുടെ പ്രസ്താവന. കഴിഞ്ഞ ഒരാഴ്ചയായി മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ചിത്രം പോലും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇത് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരെയും തമിഴ്നാട്ടിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.