India
ഉറി ഭീകരാക്രമണം: അപലപിച്ച് അമേരിക്ക, പാകിസ്താനെ കുറ്റപ്പെടുത്തി റഷ്യയും ഫ്രാന്‍സുംഉറി ഭീകരാക്രമണം: അപലപിച്ച് അമേരിക്ക, പാകിസ്താനെ കുറ്റപ്പെടുത്തി റഷ്യയും ഫ്രാന്‍സും
India

ഉറി ഭീകരാക്രമണം: അപലപിച്ച് അമേരിക്ക, പാകിസ്താനെ കുറ്റപ്പെടുത്തി റഷ്യയും ഫ്രാന്‍സും

Sithara
|
31 May 2017 7:21 AM GMT

ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യന്‍ വാദത്തിന് റഷ്യയുടെയും ഫ്രാന്‍സിന്റെയും പിന്തുണ

ഉറി ഭീകരാക്രമണത്തിന് പിന്നാലെ ആഗോള തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കം ഇന്ത്യ സജീവമാക്കി. ആക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യന്‍ വാദത്തിന് റഷ്യയുടെയും ഫ്രാന്‍സിന്റെയും പിന്തുണ ലഭിച്ചു. ആക്രണത്തെ അപലപിച്ച അമേരിക്ക കശ്മീരിലെ സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു.

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ സമ്മേളനം നടക്കുന്നതിനിടെ സ്വന്തം നിലപാടുകള്‍ക്ക് പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യയും പാകിസ്താനും.
പാകിസ്താനെ പേരെടുത്ത് പരാമര്‍ശിച്ചാണ് റഷ്യയും ഫ്രാന്‍സും ഉറി ആക്രമണത്തെ അപലപിച്ചത്. പാകിസ്താനോ പാക് തീവ്രവാദ സംഘടനകളോ നടത്തിയ ആക്രമണം അപലപനീയമാണെന്ന് റഷ്യ പ്രസ്താവനയില്‍ പറഞ്ഞു. പത്താന്‍ കോട്ടിന് പിന്നാലെ ഉറിയിലും ഉണ്ടായ ഭീകരാക്രമണം ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ തീവ്രവാദികള്‍ സജീവമാണെന്ന് വ്യക്തമാക്കുന്നതാണെന്നും റഷ്യ പറഞ്ഞു. ആക്രമണത്തെ അപലപിച്ച അമേരിക്കയും ബ്രിട്ടനും പക്ഷെ പാകിസ്താനെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല.

ആക്രമണം ഞെട്ടിക്കുന്നതാണെന്നാണ് ചൈനയുടെ പ്രതികരണം. ഇന്ത്യയോട് ഐക്യദാര്‍ഢ്യം അറിയിച്ച് നവംബറില്‍ ഇസ്‍ലാമാബാദില്‍ നടക്കുന്ന സാര്‍ക് സമ്മേളനം ബഹിഷ്കരിക്കുന്ന കാര്യം അഫ്ഗാനും ബംഗ്ലാദേശും പരിഗണിക്കുന്നുണ്ട്. നാളെ ഡല്‍ഹിയില്‍ ആരംഭിക്കുന്ന സാര്‍ക് ഉന്നതാധികാര യോഗത്തില്‍ പാകിസ്താന്‍ പങ്കെടുക്കില്ല. അതേസമയം, കശ്മീരില്‍ നടക്കുന്ന ആക്രമണങ്ങളില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആശങ്ക അറിയിച്ചു. പാക് പ്രധാനമന്ത്രി നവാസ് ശരീഫും ജോണ്‍ കെറിയും ഇന്നലെ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.

Similar Posts