ഹൈദരാബാദ് സര്‍വകലാശാല വിസി കോപ്പിയടി വിവാദത്തില്‍
|2007, 2014 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച മൂന്ന് ശാസ്ത്രലേഖനങ്ങളിലാണ് കോപ്പിയടി കണ്ടെത്തിയത്.
ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവു കോപ്പിയടി വിവാദത്തില്‍. 2007, 2014 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച മൂന്ന് ശാസ്ത്രലേഖനങ്ങളിലാണ് കോപ്പിയടി കണ്ടെത്തിയത്. പ്രൊസീഡിംഗ്‌സ് ഓഫ് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി എന്ന പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനങ്ങളിലെ ചില വാചകങ്ങള്‍ അതേപടി മോഷ്ടിച്ചതാണെന്നാണ് കണ്ടെത്തല്‍.
2014ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആറ് വാചകങ്ങള്‍ കടപ്പാട് ഒന്നും വെയ്ക്കാതെ അതേപടി കോപ്പിയടിച്ചതാണ് വിവാദമായത്. ഇതേ പ്രസിദ്ധീകരണത്തിലെഴുതിയ ഇന്‍ഡ്യൂസ്ഡ് ഡിഫന്‍സ് ഇന്‍ പ്ലാന്‍റ്സ് എ ഷോര്‍ട്ട് ഓവര്‍ വ്യൂ എന്ന ലേഖനത്തിലും കോപ്പിയടി കണ്ടെത്തിയിട്ടുണ്ട്. മറ്റു മൂന്ന് പേര്‍ കൂടി ചേര്‍ന്നാണ് ലേഖനമെഴുതിയത്. 2007ല്‍ ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിനെതിരെയും രചനാ മോഷണ ആരോപണം ഉയര്‍ന്നു.
കോപ്പിയടിയെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ലേഖനം പിന്‍വലിച്ച് മാപ്പ് പറയുമെന്ന് അപ്പറാവു പ്രതികരിച്ചു. വേറെ എവിടെ നിന്നെങ്കിലും എടുത്ത വിവരങ്ങള്‍ക്ക് കടപ്പാട് വെയ്ക്കാന്‍ വിട്ട് പോയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.