പശ്ചിമബംഗാളില്‍ സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധം; മമത സമരം അവസാനിപ്പിച്ചു
|ടോള്‍ ബൂത്ത് സംരക്ഷിക്കാനെന്ന പേരിലുള്ള സൈനിക നീക്കം സംസ്ഥാനത്തെ അറിയിക്കാതെയെന്ന് മമത
പശ്ചിമ ബംഗാളില്‍ ടോള്‍ ബൂത്ത് സംരക്ഷണത്തിനായി സൈന്യത്തെ വിന്യസിച്ചതില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പ്രതിഷേധം. ഇതിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റില്‍ മമത നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. 30 മണിക്കൂറിന് ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി മമത പ്രഖ്യാപിച്ചത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിക്കുകയാണെന്ന് മമത പറഞ്ഞു. സംസ്ഥാനത്തെ അറിയിക്കാതെയാണ് കേന്ദ്രം സൈന്യത്തെ വിന്യസിച്ചതെന്നാണ് ആരോപണം. സൈന്യത്തെ പിന്‍വലിക്കാതെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ നിന്ന് മടങ്ങില്ലെന്ന് മമത പ്രഖ്യാപിച്ചു.
പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ രണ്ട് ടോള്‍ പ്ലാസകളില്‍ സൈന്യം നിലയുറപ്പിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയത്. സൈന്യത്തെ പിന്‍വലിക്കാതെ സെക്രട്ടേറിയറ്റില്‍നിന്ന് മടങ്ങില്ലെന്ന് പ്രഖ്യാപിച്ച അവര്‍ ഇപ്പോഴും ഓഫീസില്‍ തുടരുകയാണ്. സെക്രട്ടേറിയറ്റില്‍ അടിയന്തര വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത മമത സംസ്ഥാന സര്‍ക്കാരിനെ വിവരം അറിയിക്കാതെയാണ് സൈന്യത്തെ വിന്യസിച്ചതെന്നാരോപിച്ചു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇത്.
പ്രതിഷേധത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റ് പരിസരത്തെ ടോള്‍ പ്ലാസയില്‍ നിന്ന് സൈന്യം പിന്‍വാങ്ങിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ മമത തയ്യാറായിട്ടില്ല. പശ്ചിമ ബംഗാളില്‍ നിന്ന് പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കാതെ ഓഫീസില്‍ നിന്നിറങ്ങില്ലെന്നാണ് മമതയുടെ നിലപാട്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാന്‍ അവര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. . അവസരം ലഭിച്ചാല്‍ രാഷ്ട്രപതിയുമായി ഇക്കാര്യം സംസാരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതിനിടെ, മമതയുടെ ആരോപണം സൈന്യം നിഷേധിച്ചു. പശ്ചിമ ബംഗാള്‍ പോലീസിന്റെ അറിവോടെ നടത്തുന്ന പതിവ് നടപടിക്രമങ്ങള്‍ മാത്രമാണ് നടത്തുന്നതെന്ന് ആര്‍മി ഈസ്‌റ്റേണ്‍ കമാന്‍ഡ് വ്യക്തമാക്കി. ടോള്‍ പ്ലാസകളുടെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ലെന്നും സൈന്യം അവകാശപ്പെട്ടു. എന്നാല്‍, സൈന്യത്തിന്റെ അവകാശവാദം നിഷേധിച്ച് പൊലീസ് രംഗത്തു വന്നു.