ദളിത് ബാലന്മാരെ നഗ്നരാക്കി ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം
|മൂന്നു ദളിത് ബാലന്മാരെ നഗ്നരാക്കി ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ ചിറ്റോര്ഘറിലാണ് സംഭവം.
മൂന്നു ദളിത് ബാലന്മാരെ നഗ്നരാക്കി ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ ചിറ്റോര്ഘറിലാണ് സംഭവം.
പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍. ഇവരെ നഗ്നരാക്കിയശേഷം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചുറ്റുംകൂടിയിരിക്കുന്നവരോട് മാപ്പിരന്നിട്ടും അവര്‍ ആക്രമണം തുടരുകയാണ് ചെയ്തത്.
ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരനായ വ്യക്തിയുടെ ബൈക്ക് മോഷ്ടിച്ചു എന്നാരോപിച്ചാണ് ഈ കുട്ടികളെ ജനക്കൂട്ടം തല്ലിച്ചതച്ചത്. 42 ഡിഗ്രിയോളം ചൂടുള്ള ഗ്രൗണ്ടില്‍ ഇവരെ നഗ്നരാക്കി നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. നാലു മണിക്കൂറോളം ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു.
രാജസ്ഥാനിലെ ദളിതവിഭാഗത്തില്‍ ഏറ്റവും അവഗണ നേരിടുന്ന കാഞ്ഞാല്‍ വിഭാഗത്തില്‍പ്പെട്ടവരാണ് കുട്ടികള്‍.
പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചതും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പക്ഷേ പീന്നീട് കുട്ടികളെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. പോലീസ് ഇവര്‍ക്കെതിരെ ബൈക്ക് മോഷണം ആരോപിച്ച് കേസെടുക്കുകയും ജുവനൈല്‍ ഹോമിലേക്ക് അയക്കുകയും ചെയ്തു. കുട്ടികള്‍ കുറ്റസമ്മതം നടത്തിയെന്നും പിന്നീട് ബൈക്ക് തിരിച്ചുകിട്ടിയെന്നും പോലീസ് പറയുന്നു. എന്നാല്‍ കുട്ടികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ യാതൊരു നടപടിയുമെടുത്തിട്ടില്ല.
വാര്‍ത്തയും കുട്ടികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ശിശുക്ഷേമ മന്ത്രി അനിത ബാദല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. താന്‍ ആ ദൃശ്യങ്ങള്‍ കണ്ടുവെന്നും ചിറ്റോര്ഘര് ഭരണനേതൃത്വവുമായി ബന്ധപ്പെട്ടുവെന്നും എന്താണ് സംഭവിച്ചതെന്നും എന്താണ് കാരണമെന്നും അന്വേഷിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.