India
കാവേരിയില്‍ നിന്ന് തമിഴ്‍നാടിന് വെള്ളം വിട്ടുകൊടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രികാവേരിയില്‍ നിന്ന് തമിഴ്‍നാടിന് വെള്ളം വിട്ടുകൊടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി
India

കാവേരിയില്‍ നിന്ന് തമിഴ്‍നാടിന് വെള്ളം വിട്ടുകൊടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

Sithara
|
26 Jun 2017 9:57 AM GMT

ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സുപ്രീം കോടതി ഉത്തരവില്‍ വിഷമമുണ്ടെങ്കിലും കോടതി വിധി അനുസരിച്ച് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍. നിയമപോരാട്ടം തുടരാനും ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.

കാവേരി പ്രശ്നത്തെച്ചൊല്ലി സംഘര്‍ഷം ശക്തമായ പശ്ചാത്തലത്തിലാണ് കര്‍ണാടക മന്ത്രിസഭ അ‍ടിയന്തര യോഗം ചേര്‍ന്നത്. കോടതി വിധിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായി. എന്നാല്‍ കാവേരി പ്രശ്നത്തില്‍ നിയമപോരാട്ടം തുടരണമെന്ന് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അപലപിച്ചു. പൊതുമുതല്‍ നശിപ്പിക്കരുതെന്നും പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. കാവേരി തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെ രാജ്ഗോപാല്‍ നഗറിലുണ്ടായ ലാത്തിച്ചാര്‍ജിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഒരാള്‍ മരിച്ചു. ബംഗളൂരു സ്വദേശി കുമാര്‍ ആണ് മരിച്ചത്. ഹഗനഹള്ളിയില്‍ ഇന്നലെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്റ്റേറ്റ് റാപിഡ് ആക്ഷന്‍ ഫോഴ്സ്, ആംഡ് റിസര്‍വ് പൊലീസ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് എന്നിവയിലെ 15,000 അംഗങ്ങളെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. മലയാളികളുടെ സുരക്ഷക്കായി പ്രത്യേക പൊലീസിനെ നിയോഗിക്കുമെന്ന് കേരള ഡിജിപി ലോക്നാഥ് ബെഹ്റ കര്‍ണാടക ഡിജിപിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 100 പേരടങ്ങുന്ന ഒരു കമ്പനി പൊലീസ് ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെത്തി. മലയാളികള്‍ കൂടുതലുള്ള സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസിനെ വിന്യസിക്കും

സുരക്ഷ ശക്തമാക്കുന്നതിന് കൂടുതല്‍ സേനയെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയിലും തമിഴ്നാട്ടിലുമുണ്ടായ സംഘര്‍ഷം ആശങ്കാജനകമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. തമിഴ് വംശജര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു.

Related Tags :
Similar Posts