ജയലളിത മുഖ്യമന്ത്രിയായി തുടരും; വകുപ്പുകള്‍ പനീര്‍ശെല്‍വത്തിന് കൈമാറി
|ഇതേസമയം, മുഖ്യമന്ത്രി വഹിച്ചിരുന്ന വകുപ്പുകള്‍ ധനമന്ത്രി ഒ പനീര്‍ശെല്‍വത്തിന് കൈമാറി
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി തുടരുമെന്ന് ഗവര്‍ണര്‍. ഇതേസമയം, മുഖ്യമന്ത്രി വഹിച്ചിരുന്ന വകുപ്പുകള്‍ ധനമന്ത്രി ഒ പനീര്‍ശെല്‍വത്തിന് കൈമാറി. ജയലളിത സുഖംപ്രാപിച്ച് തിരിച്ചുവരുന്നതു വരെയാണ് വകുപ്പ് കൈമാറ്റം. ജയലളിത തിരിച്ചെത്തുന്നതു വരെ മന്ത്രിസഭാ യോഗങ്ങളില്‍ പനീര്‍ശെല്‍വം അധ്യക്ഷനാകും. ജയലളിതയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ജയലളിതക്ക് ദീര്‍ഘകാലം ചികിത്സവേണ്ടിവരുന്ന സാഹചര്യത്തിലാണ് വകുപ്പുകള്‍ കൈമാറിയത്. പൊതുഭരണം , ആഭ്യന്തരം തുടങ്ങിയ വകുപ്പുകളാണ് ജയലളിത കൈകാര്യം ചെയ്തിരുന്നത്. നിലവില്‍ ധനവകുപ്പാണ് മുതിര്‍ന്ന എഐഎഡിഎംകെ നേതാവു കൂടിയായ പനീര്‍ ശൈല്‍വം കൈകാര്യം ചെയ്യുന്നത്. നേരത്തെ ജയലളിതക്ക് പകരമായി രണ്ട് തവണ പനീര്‍ ശൈല്‍വം മുഖ്യമന്ത്രിയായിരുന്നു. ജയലളിത ആശുപത്രിയിലായതോടെ സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമായെന്നും രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നും വരെ ആവശ്യം ഉയര്‍ന്നിരുന്നു.