നോട്ട് അസാധുവാക്കലിനെതിരായ ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടു
|അഞ്ചംഗ ഭരണഘടന ബെഞ്ചാണ് നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ സാധുത പരിശോധിക്കുക
നോട്ട് അസാധുവാക്കലിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹരജികള്‍ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടന ബെഞ്ചായിരിക്കും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്റെ സാധുത പരിശോധിക്കുക. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതികളില്‍ നല്‍കിയ ഹരജികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. ഡിസംബര്‍ 30ന് ശേഷം പഴയ 1000, 500 രൂപ നോട്ടുകള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
നോട്ടസാധുവാക്കല്‍ തീരുമാനത്തില്‍ ഇടക്കാല ഇടപെടലുകളൊന്നും നടത്താതെയാണ്, വിഷയം അന്തിമമായി ഭരണഘടന ബെഞ്ച് തീരുമാനിക്കട്ടെയെന്ന് സുപ്രിംകോടതി അറിയിച്ചിരിക്കുന്നത്. ഇതിനായി, അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കുമെന്നും, തീരുമാനത്തിനെതിരെ ഉയര്‍ത്തിയ എല്ലാ വിഷയങ്ങളും വിശദമായി ബെഞ്ച് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. നോട്ടസാധുവാക്കല്‍ തീരുമാനം ആര്‍ബിഐ ആക്ടിന്റെ ലംഘനമാമാണോ, നടപടിക്രമങ്ങള്‍ പാലിച്ചാണോ തീരുമാനം പ്രഖ്യാപിച്ചത്, പൌരന്മാരുടെ മൌലികാവകാശങ്ങളുടെ ലംഘനങ്ങള്‍ തീരുമാനം കൊണ്ട് ഉണ്ടായിട്ടുണ്ടോ, തീരുമാനത്തിന് ശേഷം സഹകരണ ബാങ്കുകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം വിവേചനപരമാണോ, നിക്ഷേപകന്റെ പണം തിരിച്ച് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍ക്കോ, ആര്‍ബിഐക്കോ അധികാരമുണ്ടോ, പുതിയ നോട്ടുകളില്‍ ദേവനാഗരി ലിപി ഉപയോഗിച്ചത് നിയമപരമാണോ തുടങ്ങിയ പത്തോളം ചോദ്യങ്ങളിലാണ് ഭരണഘടന ബെഞ്ച് അന്തിമ തീരുമാനം എടുക്കുക. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നടക്കുന്ന എല്ലാ നടപടികളും സ്റ്റേ ചെയ്തതായും സുപ്രിംകോടതി അറിയിച്ചു.
അസാധുവാക്കിയ ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ സ്വീകരിക്കുന്ന കാലാവധി ഡിസംബര്‍ 30ല്‍ നിന്ന് നീട്ടണമെന്ന ആവശ്യവും കോടതി നിരസിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കട്ടേയെന്ന് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് ഇന്നലെ തന്നെ കോടതി അറിയിച്ചിരുന്നു. പഴയ അഞ്ഞൂറ് രൂപ നോട്ടുകള്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ടോള്‍ ബൂത്തുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്വീകരിക്കുന്നതിന്റെ കാലപരിധി നീട്ടണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.