India
പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യംപ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം
India

പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം

Khasida
|
29 Jun 2017 8:28 AM GMT

നിയന്ത്രണങ്ങളുടെ സമയപരിധി ഇന്ന് അവസാനിക്കും; പഴയ നോട്ടുകള്‍ ബാങ്കില്‍ നിന്ന് ഇന്ന് കൂടി നിക്ഷേപിക്കാം

നോട്ട് പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കും. സാധാരണക്കാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കിയ തീരുമാനത്തിന്റെ പ്രത്യാഘാതം ഡിസംബര്‍ 30ന് തീരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ പ്രതിസന്ധി ദിനംപ്രതി രൂക്ഷമായി. ജനജീവിതം സ്തംഭിച്ചു. രാജ്യത്തിന്റെ വളര്‍ച്ചക്ക് വന്‍ തിരിച്ചടിയേറ്റു.

നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തോടെയാണ് രാജ്യം പരോക്ഷമായ സാമ്പത്തിക അടിയന്തിരാവസ്ഥയിലെത്തിയത്. കള്ളപ്പണത്തിനെതിരായ മിന്നലാക്രമണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. നോട്ടിനായി സാധാരണക്കാര്‍ നെട്ടോട്ടമോടിയ ദിവസങ്ങളായിരുന്നു പിന്നീട്. ജനജീവിതം ബാങ്കുകളിലെ നീണ്ട വരികളില്‍ തളക്കപ്പെട്ടു.

കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും അടിക്കടി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. അമ്പത് ദിവസത്തിനിടെ പുറത്തുവന്നത് 66 ഉത്തരവുകള്‍. പലയിടത്തും സംഘര്‍ഷമുണ്ടായി. ആത്മഹത്യകളും മരണങ്ങളും സ്ഥിരം വാര്‍ത്തകളായി. റേഷന്‍ കടകളും ബാങ്കുകളും ആക്രമിക്കപ്പെട്ടു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. കാര്‍ഷിക മേഖല പൂര്‍ണമായി സ്തംഭിച്ചു. വിളവുകള്‍ തെരുവില്‍ ഉപേക്ഷിച്ചു.

40 കോടി തൊഴിലാളികള്‍ക്ക് വരുമാനം നിലച്ചു. ചെറുകിട വ്യവസായ കേന്ദ്രങ്ങള്‍ അടച്ചൂപൂട്ടി, വാഹനനിര്‍മാണ മേഖല തകര്‍ന്നു. ഓഹരി വിപണി കൂപ്പുകുത്തി. വിവാഹങ്ങള്‍ മുടങ്ങി. കള്ളപ്പണം കണ്ടെത്തുമെന്ന പ്രഖ്യാപനവും പാഴായി. ജനരോഷവും വിമര്‍ശവും ശക്തമായതോടെ സഹതാപം നേടാനായി നരേന്ദ്ര മോദിയുടെ ശ്രമം. പിന്‍വലിച്ച നോട്ടുകള്‍ ഭൂരിഭാഗവും ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ കള്ളപ്പണത്തേക്കാള്‍ കൂടുതല്‍, നോട്ടുരഹിത സമ്പദ് വ്യവസ്ഥയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതായി.

കാഷ്‍ലസ് ഇന്ത്യക്ക് വേണ്ടിയായായിരുന്നു തീരുമാനം എന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. 70 ശതമാനത്തോളം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത രാജ്യത്താണ് കാഷ്‍ലസ് ഇക്കോണമി നടപ്പാക്കാനൊരുങ്ങുന്നത്.

ഡിസംബര്‍ 30 ന് ജനദുരിതം തീരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്. തീര്‍ന്നില്ലെങ്കില്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇനി എന്തു പറഞ്ഞാകും ജനങ്ങള്‍ക്ക് മുന്നിലെത്തുകയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Related Tags :
Similar Posts