India
ഷോപ്പിംഗ് മാളുകളില്‍ ഓട്ടോ പാര്‍ക്ക് ചെയ്യാന്‍ അനുവാദമുണ്ടോ?ഷോപ്പിംഗ് മാളുകളില്‍ ഓട്ടോ പാര്‍ക്ക് ചെയ്യാന്‍ അനുവാദമുണ്ടോ?
India

ഷോപ്പിംഗ് മാളുകളില്‍ ഓട്ടോ പാര്‍ക്ക് ചെയ്യാന്‍ അനുവാദമുണ്ടോ?

Khasida
|
30 Jun 2017 3:31 PM GMT

മാളിലെത്തിയപ്പോള്‍ ഇവിടെ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ലെന്ന് പറഞ്ഞ് തങ്ങളെ സെക്യൂരിറ്റി ജീവനക്കാര്‍ വഴക്കു പറഞ്ഞെന്ന് വികാസ് പറയുന്നു.

ദിവസവും നിരവധി ആളുകളാണ് ഓട്ടോയില്‍ നഗരത്തിലെ പല മാളുകളിലും വന്നിറങ്ങുന്നത്. തങ്ങളുടെ യാത്രക്കാരനെ മാളിനുമുന്നില്‍ ഇറക്കി കാശുംവാങ്ങി ഓട്ടോക്കാരന്‍ അടുത്ത യാത്രക്കാരനെ തേടി യാത്ര പുറപ്പെടും. എന്നാല്‍ മാളുകളില്‍ ഓട്ടോ പാര്‍ക്ക് ചെയ്യാന്‍ അനുവാദമുണ്ടോ?

ഇല്ലെന്നാണ് മുംബൈ സ്വദേശിയായ വികാസ് തിവാരിയുടെയും കുടുംബത്തിന്റെയും അനുഭവം. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് വികാസ്. ദീപാവലി ഷോപ്പിംഗിനായി സഹോദരന്റെ ഓട്ടോയിലാണ് വികാസും കുടുംബവും കുര്‍ളയിലെ ഫോണിക്സേ മാര്‍ക്കറ്റ് സിറ്റി മാളിലേക്ക് പോയത്. വികാസിനൊപ്പവും സഹോദരന്‍ സന്തോഷിനൊപ്പവും ഭാര്യയും മക്കളുമുണ്ടായിരുന്നു. പക്ഷേ, മാളിലെത്തിയപ്പോള്‍ ഇവിടെ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ലെന്ന് പറഞ്ഞ് തങ്ങളെ സെക്യൂരിറ്റി ജീവനക്കാര്‍ വഴക്കു പറഞ്ഞെന്ന് വികാസ് പറയുന്നു.

അത്തരമൊരു പുതിയ നിയമത്തെ കുറിച്ച് കേട്ടതോടെ ഞാന്‍ ഞെട്ടിപ്പോയി. ഓട്ടോയില്‍ നിന്ന് പുറത്തിറങ്ങി ഇവിടെ എവിടെയാണ് ഓട്ടോ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് എഴുതിവെച്ചിട്ടുള്ളതെന്ന് സെക്യൂരിറ്റിക്കാരനോട് ചോദിച്ചു. തര്‍ക്കം തുടര്‍ന്നപ്പോള്‍ ഞാന്‍ എന്‍റെ മൊബൈല്‍ കാമറ ഓണ്‍ ചെയ്തു. അതോടെ അയാളെന്നെ അയാളുടെ കാബിനിലേക്ക് കൊണ്ടുപോയി. അവിടെ മറ്റ് നാല് സെക്യൂരിറ്റി ജീവനക്കാരും കൂടിയുണ്ടായിരുന്നു. അവരെന്നോട് കാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും വികാസ് പറയുന്നു.

അവിടെക്ക് കുറച്ചുകഴിഞ്ഞപ്പോള്‍ രാജു എന്ന സൂപ്പര്‍വൈസര്‍ എത്തിയെന്നും കൂടെ ഏഴെട്ട് സെക്യൂരിറ്റി ജീവനക്കാരുമുണ്ടായിരുന്നുവെന്നും വികാസ് പറയുന്നു. ആദ്യം ഞാനൊന്ന് പരിഭ്രമിച്ചു. പക്ഷേ, പിന്നീട് വീഡിയോ എന്റെ കയ്യില്‍ തന്നെ ഭദ്രമായി നില്‍ക്കട്ടെയെന്ന് തീരുമാനിച്ചു. ആ സൂപ്പര്‍വൈസറോടും ഞാനെന്‍റെ ചോദ്യം ആവര്‍ത്തിച്ചു. ഇവിടെ ഓട്ടോ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ടോ? പക്ഷേ അയാള്‍ക്കും മറുപടിയുണ്ടായിരുന്നില്ല. ഒരുമണിക്കൂറോളം സൂപ്പര്‍വൈസറോടും വികാസും കുടുംബവും തര്‍ക്കിച്ചു. മാള്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി. കുടുംബം കൂടെയുള്ളതുകൊണ്ട് താന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് ആ സമയത്ത് പോയില്ലെന്നും അയാള്‍ പറയുന്നു.

ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കേണ്ടയെന്നത് മാളിന്‍റെ ആഭ്യന്തര പോളിസിയില്‍പെട്ടതാണെന്ന വിശദീകരണവുമായി തുടര്‍ന്ന് മാനേജര്‍ എത്തി. പക്ഷേ തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ മാനേജര്‍ മൊബൈലില്‍ ശ്രദ്ധിക്കുക മാത്രമാണ് ചെയ്തതെന്നും വികാസ് പറയുന്നു.

ദിവസവും നിരവധി ആളുകളെയാണ് എന്‍റെ സഹോദരന്‍ ഈ മാളിന് മുന്നില്‍ ഇറക്കുന്നത്. ആ ഞങ്ങള്‍ അതേ ഓട്ടോയില്‍ വരുമ്പോള്‍ മാളിലേക്ക് കയറാന്‍ അനുവാദമില്ല. ഇവിടെ എവിടെയാണ് മാളുകളില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന നിയമമുള്ളത്. അങ്ങനെയെങ്കില്‍ മാളില്‍ വരണമെങ്കില്‍ മാത്രം ഞങ്ങള്‍ കാറ് വാങ്ങേണ്ടിവരുമല്ലോ.. വികാസ് ചോദിക്കുന്നു.

ഇതാണ് മാള്‍ മാനേജ്മെന്‍റിന്‍റെ നിലപാടെങ്കില്‍ കുടുംബത്തിനൊപ്പം മാളില്‍ ഷോപ്പിംഗിന് വരുന്ന ഒരു ഓട്ടോഡ്രൈവര്‍ കുടുംബത്തെ ഷോപ്പിംഗിന് വിട്ട് ഓട്ടോ സ്റ്റാന്‍റില്‍ പോയിരിക്കണോയെന്നാണ് മുംബൈ പോലീസിനോടും കമ്മീഷണറോടും വികാസിന് ചോദിക്കാനുള്ളത്.

മാനേജ്മെന്‍റിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി വികാസ് മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും ഫെയ്സ്ബുക്ക് ലൈവ് വഴി അപ്പോഴേക്കും നിരവധി പേര്‍ അത് കണ്ടുകഴിഞ്ഞിരുന്നു.

Similar Posts