നജീബിനെ അലിഗഢിലെ മാര്‍ക്കറ്റില്‍വെച്ച് കണ്ടെന്ന് അജ്ഞാത കത്ത്
|താന്‍ തടങ്കലിലാണെന്നും രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് നജീബ് പറഞ്ഞെന്നും കത്തിലുണ്ട്.
നജീബ് അഹമ്മദിനെ തേടി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റി കാമ്പസിലെ മാഹി മാന്ധവി ഹോസ്റ്റലില്‍ എത്തിയ കത്തിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ഡല്‍ഹി പൊലീസ്. ഈ മാസം 14 നാണ് കത്ത് ലഭിച്ചത്. അലിഗഢ് സ്വദേശിനിയായ ഒരു സ്ത്രീയാണ് കത്തയച്ചത്. കാണാതായ എം എസ്‍സി വിദ്യാര്‍ഥി നജീബ് അഹമ്മദിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തനിക്കറിയാമെന്നാണ് കത്തിലെ ഉള്ളടക്കം.
ഹോസ്റ്റല്‍ പ്രസിഡന്റ് അസീമിന്റെ കയ്യിലാണ് കത്ത് കിട്ടിയത്. അദ്ദേഹമത് നജീബിന്റെ മാതാവ് ഫാത്തിമ നഫീസയ്ക്ക് കൈമാറുകയും അവരത് ക്രൈം ബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.
നജീബിനെ അലിഗഢിലെ മാര്‍ക്കറ്റില്‍വെച്ച് കണ്ടെന്നാണ് കത്തിലുള്ളത്. താന്‍ തടങ്കലിലാണെന്നും രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് നജീബ് പറഞ്ഞെന്നും കത്തിലുണ്ട്. വിവരം മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിച്ചപ്പോഴേക്കും നജീബിനെ അവിടെ നിന്ന് ആരോ പിടിച്ചു മാറ്റിയെന്നും അവര്‍ എഴുതിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് തന്നെ ബന്ധപ്പെടാമെന്ന് പറഞ്ഞ് അവര്‍ കുറിച്ച മേല്‍വിലാസത്തില്‍ പക്ഷേ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. നജീബിനെ അടച്ചിട്ടത് എവിടെയാണെന്നോ മറ്റോ ഉള്ള വിവരങ്ങളൊന്നും തന്നെ കത്തിലില്ല.
കത്ത് അയച്ച് കൊറിയര്‍ ഏജന്‍സിയുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. കൈയക്ഷരം പരിശോധിക്കാനായി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ജെഎന്‍യുവില്‍ എംഎസ്‌സി മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ നജീബ് അഹമദിനെ ഒക്ടോബര്‍ 14നാണ് കാണാതായത്. കാണാതാവുന്നതിന് തൊട്ടുമുമ്പത്തെ ദിവസം ഹോസ്റ്റലില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് നജീബ് ഇരയായിരുന്നു. കാണാതായി ഒരു മാസം കഴിഞ്ഞിട്ടും നജീബിനെ കണ്ടെത്താനാകാത്തതില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലാണ്.