നെഹ്റുവിനെ പ്രശംസിച്ച ഐഎഎസ് ഓഫീസര്‍ക്കെതിരെ നടപടി
|നെഹ്റുവിനെ പ്രശംസിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ ഐഎഎസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം
ജവഹര്‍ലാല്‍ നെഹ്റുവിനെ പ്രശംസിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ ഐഎഎസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. മധ്യപ്രദേശിലെ മുതര്‍ന്ന ഐഎഎസ് ഓഫീസര്‍ അജയ് സിംഗ് ഗാങ്‍വറിനെയാണ് സ്ഥലംമാറ്റിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ ചായ്‍വ് പ്രകടിപ്പിക്കരുതെന്ന ചട്ടം മറികടന്നുവെന്ന് ആരോപിച്ചാണ് ബിജെപി സര്‍ക്കാറിന്റെ നടപടി.
ബര്‍വാണിയില്‍ കലക്ടറായിരുന്ന അജയ് സിംഗിനെ ഭോപ്പാല്‍ സെക്രട്ടറിയേറ്റിലേക്കാണ് സ്ഥലംമാറ്റിയത്. ചട്ടലംഘനം ആവിഷ്കാര സ്വാതന്ത്ര്യമായി കാണാന്‍ കഴിയില്ലെന്നാണ് ബിജെപിയുടെ വാദം. അതേസമയം സ്വാതന്ത്ര്യ സമരസേനാനിയെ പ്രശംസിക്കുന്നത് പോലും താങ്ങാന്‍ കഴിയാത്ത അസഹിഷ്ണുതയാണ് ബിജെപിക്കെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നെഹ്റു ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ സംബന്ധിച്ചായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്- "നെഹ്റു ചെയ്ത തെറ്റുകള്‍ എന്തെല്ലാമാണെന്ന് അറിയണമെന്നുണ്ട്. ഹിന്ദു താലിബാന്‍ രാഷ്ട്രമായി 1947ല്‍ ഇന്ത്യയെ മാറാന്‍ അനുവദിക്കാതിരുന്നതാണോ അദ്ദേഹം ചെയ്ത തെറ്റ്? ഐഐടി, ഐഎസ്ആര്‍ഒ, ബിഎആര്‍സി. ഐഐഎം, ബിഎച്ച്ഇഎല്‍ സ്റ്റീല്‍ പ്ലാന്റ് എന്നിവ തുടങ്ങിയതാണോ അദ്ദേഹത്തിന്റെ പിഴവ്? അസാറാം, രാംദേവ് എന്നിങ്ങനെയുള്ള ബുദ്ധിജീവികളുടെ സ്ഥാനത്ത് സാരാഭായി, ഹോമി ജഹാംഗീര്‍ തുടങ്ങിയവരെ ആദരിച്ചതാണോ നെഹ്റു ചെയ്ത തെറ്റ്?".