ജനം നോട്ടിനായി നെട്ടോട്ടമോടുന്നു; ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് ചാര്‍ട്ട് ചെയ്തത് 50 വിമാനങ്ങള്‍
|മോദി മന്ത്രിസഭയിലെ കരുത്തനായ നിതിന്‍ ഗഡ്കരി തന്റെ മകളുടെ വിവാഹം പൊടിപൊടിക്കാന്‍ ഒരുങ്ങുന്നത്.
കള്ളപ്പണക്കാരെ വലയിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധം കോര്‍പ്പറേറ്റുകളെയും രാഷ്ട്രീയ നേതാക്കന്‍മാരെയും ലവലേശം ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവായിരുന്നു അടുത്തിടെ 500 കോടിയുടെ വിവാഹം നടത്തിയ മുന്‍ ബിജെപി മന്ത്രിയുടെ മകളുടേത്. ഖനി മുതലാളിയായ ജനാര്‍ദ്ധന റെഡ്ഡിയാണ് മകളുടെ വിവാഹം ഇത്രയും ലളിതമായി നടത്തിയത്.
ഇതിനു പിന്നാലെ ഇതാ, മോദി മന്ത്രിസഭയിലെ കരുത്തനായ നിതിന്‍ ഗഡ്കരി തന്റെ മകളുടെ വിവാഹം പൊടിപൊടിക്കാന്‍ ഒരുങ്ങുകയാണ്. നിത്യചെലവിനായി സാധാരണക്കാര്‍ മണിക്കൂറുകളോളം ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് മകളുടെ വിവാഹം യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ധൂര്‍ത്തടിച്ച് നടത്താന്‍ ഗഡ്കരി ഒരുങ്ങുന്നത്. നാഗ്പൂരില്‍ ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന വിവാഹത്തിലേക്ക് ക്ഷണിക്കപ്പെട്ട വിവിഐപികള്‍ക്കായി 50 വിമാനങ്ങളാണ് ചാര്‍ട്ടു ചെയ്തിരിക്കുന്നത്. പതിനായിരത്തോളം പേരെയാണ് വിവാഹത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും വിവിഐപികളാണ്. ബിജെപി പ്രസിഡന്റ് അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, റിലയന്‍സ് മേധാവി മുകേഷ് അംബാനി, കോര്‍പ്പറേറ്റ് പ്രമുഖന്‍ രത്തന്‍ ടാറ്റ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കു പറന്നെത്താനായാണ് 50 ഓളം വിമാനങ്ങള്‍ ടൂറിസ്റ്റ് ബസുകള്‍ പോലെ ലളിതമായി വാടകക്ക് എടുത്തിരിക്കുന്നത്. മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയും മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയും ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
ഇനിയാണ് വിചിത്രമായി തോന്നുന്ന മറ്റൊരു കാര്യം. ഡിസംബര്‍ മൂന്നിനും നാലിനും നാഗ്പൂരിലേക്ക് ഇന്ത്യയിലെ എവിടെ നിന്നും വിമാനടിക്കറ്റുകള്‍ കിട്ടാനില്ല എന്നതാണ് വിവരം. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതും, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറും സിനിമാ താരങ്ങളായ ഹേമമാലിനി, അമിതാഭ് ബച്ചന്‍ തുടങ്ങിയവരും വിവിഐപി അതിഥികളുടെ കൂട്ടത്തിലുണ്ട്. നാഗ്പൂരിലെ വാര്‍ധ റോഡിലെ റാണി കൊതിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഗഡ്ഗകരിയുടെ മൂന്നു മക്കളില്‍ ഇളയവളായ കേതകിയുടെ വിവാഹമാണ് നടക്കുന്നത്. ഫേസ്‍ബുക്ക് ജീവനക്കാരനായ ആദിത്യയാണ് വരന്‍.