India
ഉത്തരേന്ത്യയില്‍ കനത്ത മഴയില്‍ 59 മരണംഉത്തരേന്ത്യയില്‍ കനത്ത മഴയില്‍ 59 മരണം
India

ഉത്തരേന്ത്യയില്‍ കനത്ത മഴയില്‍ 59 മരണം

Subin
|
3 July 2017 8:35 PM GMT

വിവിധ സംസ്ഥാനങ്ങളിലായി 50 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി

ഉത്തരേന്ത്യയില്‍ കനത്ത മഴയില്‍ മരണം 59 ആയി. അസമിലും ബീഹാറിലുമാണ് വെള്ളപ്പൊക്കം കനത്ത നാശം വിതച്ചത്. ഒഡീസയില്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി 50 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഉത്തരന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിരവധി വീടുകളും റോഡുകളും ഒലിച്ച് പോയി. അസമിലെയും ബീഹാറിലെയും ഒറ്റപ്പെട്ട മേഖലകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനായി 11 കമ്പനി കേന്ദ്രസേനയെ അയച്ചിട്ടുണ്ട്.

അസമില്‍ മാത്രം 28 ജില്ലകളില്‍ വെള്ളപ്പൊക്കം കനത്ത നാശം വിതച്ചു. കശ്മീരിലെയും മേഘാലയയിലെയും താഴ്ന്ന പ്രദേശങ്ങളല്‍ വെള്ളം കയറി. രാജ്യത്തിന്‍റെ വിവിധ ഭാഗത്തായി 1000ത്തിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വൈദ്യുതി ടെലഫോണ്‍ സംവിധാനങ്ങള്‍ താറുമാറായതും റോഡുകളും പാലങ്ങളും ഒലിച്ച് പോയതും രക്ഷപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അസമില്‍ പ്രതീക്ഷിച്ചതിലും കനത്തമഴയാണ് ലഭിച്ചത്. ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.

Related Tags :
Similar Posts