അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ച മൂന്നു പാകിസ്താനി കുട്ടികളെ ചോക്ലേറ്റ് നല്‍കി തിരിച്ചയച്ച് ബിഎസ്എഫ്
|മിക്കവാറും ദിവസങ്ങളില്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ അരങ്ങേറുന്ന തീവ്രവാദ ആക്രമണങ്ങളും നുഴഞ്ഞുകയറ്റവുമൊക്കെ വാര്‍ത്തയാവാറുണ്ട്.
മിക്കവാറും ദിവസങ്ങളില്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ അരങ്ങേറുന്ന തീവ്രവാദ ആക്രമണങ്ങളും നുഴഞ്ഞുകയറ്റവുമൊക്കെ വാര്‍ത്തയാവാറുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം ഹൃദയസ്‍പര്‍ശിയായ ഒരു സംഭവം ഇന്ത്യന്‍ അതിര്‍ത്തിയിലുണ്ടായി. അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മണ്ണിലെത്തിയ മൂന്നു പാകിസ്താനി ബാലന്‍മാരും അവര്‍ക്ക് പറ്റിയ തെറ്റ് പറഞ്ഞുമനസിലാക്കി ചോക്ലേറ്റും മറ്റു സമ്മാനങ്ങളും നല്‍കി പാകിസ്താന് കൈമാറിയ ബിഎസ്എഫ് ജവാന്‍മാരുമാണ് ഇതിലെ നായകന്‍മാര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഊഷ്മളത പകരുന്ന സംഭവമെന്നാണ് ഇതിനെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലെ അജ്‌നലയിലായിരുന്നു സംഭവം. ആമീര്‍ (15), നോമിന്‍ അലി (14), അര്‍ഷാദ് (12) എന്നിവരാണ് അതിര്‍ത്തി കടന്നെത്തിയത്. ബന്ധുവിനെ കാണുന്നതിന് ബൈക്കില്‍ പോകുമ്പോഴായിരുന്നു ഇവര്‍ അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. കുട്ടികളെ ബിഎസ്എഫ് പിടികൂടി ചോദ്യം ചെയ്തെങ്കിലും നിരപരാധിത്വം ബോധ്യപ്പെട്ട സാഹചര്യത്തില്‍ പാക് സൈന്യവുമായി ബന്ധപ്പെട്ട് കുട്ടികളെ സമ്മാനങ്ങളും കൊടുത്ത് കൈമാറുകയായിരുന്നു.