മഹാരാഷ്ട്ര റവന്യു മന്ത്രി ഏകനാഥ് ഖഡ്സെ രാജിവെച്ചു
|അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ ഭൂമി തുച്ഛ വിലക്ക് ബന്ധുക്കള്‍ക്ക് കൈമാറി എന്നുമുള്ളആരോപണങ്ങളെ തുടര്‍ന്നാണ്......
മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്നാഥ് ഖദ്സെ രാജിവെച്ചു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി രഹസ്യ ബന്ധം പുലര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നും, സര്‍ക്കാര്‍ ഭൂമി തുച്ഛവിലക്ക് ബന്ധുക്കള്‍ക്ക് നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നുമാണ് രാജി. ഖദ്സയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിലായിരുന്നു.
ഒടുവില്‍, മറ്റൊരു വഴിയുമില്ലെന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഏക്നാഥ് ഖഡ്സെയുടെ രാജി ആവശ്യപ്പെട്ടു. രാവിലെ പതിനൊന്നരയോടെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് ഖഡ്സെ രാജിക്കത്ത് കൈമാറിയത്. രണ്ട് ആരോപണങ്ങളായിരുന്ന ഖാദ്സെക്കെതിരെ ഉയര്‍ന്നത്. ഖാദ്സെയുടെ പേരിലുള്ള നമ്പറില്‍ നിന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹമിന്റെ ഭാര്യയുടെ പേരിലുള്ള നമ്പറിലേക്ക് തുടര്‍ച്ചയായി വിളികള്‍ പോയി എന്നത് ഒന്ന്. ആ ഘട്ടത്തില്‍ തന്നെ രാജി ആവശ്യം ഉയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. പക്ഷെ ബിജെപി വഴങ്ങിയില്ല. ആറുപത് കോടി രൂപ വിലയുള്ള സര്‍ക്കാര്‍ ഭൂമി വെറും മൂന്ന് കോടി രൂപക്ക് ഭാര്യയുടെയും, മരുമകന്‍റെയും പേരിലേക്ക് മാറ്റിയെന്ന ആരോപണം കൂടി പിന്നാലെ വന്നതോടെ പ്രതിരോധിക്കാനാകെ ബിജെപി വഴങ്ങി. രാജി ആവശ്യം സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്നു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ വിളിച്ച് വരുത്തി കാര്യങ്ങള്‍ തിരക്കിയിരുന്നു. രാജിവെക്കാതിരുന്നാല്‍ ദേശീയ അടിസ്ഥാനത്തില്‍ തന്നെ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന വിലയിരുത്തലുമായി ദേശീയ നേതൃത്വവുമെത്തി. ഇതോടെയാണ് രാജിക്ക് വഴിയൊരുങ്ങിയത്. അതേസമയം, രാജികൊണ്ട് പ്രശ്നം തീരില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. ഉയര്‍ന്ന രണ്ട് ആരോപണങ്ങളിലും കേസെടുത്ത്, ഖാദ്സെയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പട്ടു.