യുപിയില്‍ വ്യാജമദ്യ ദുരന്തം, 17 മരണം
|സംഭവത്തെ തുടര്‍ന്ന് എക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് 17 പേര് മരിച്ചു. സംഭവത്തെ തുടര്‍ന്ന് എക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ലുഖേര ഗ്രാമത്തിന് സമീപമുള്ള ലുഹാരി ദാര്വാജയിലുള്ളവരാണ് വ്യാജമദ്യ ദുരന്തത്തിന് ഇരയായത്. നേത്രപാല്‍(35), രമേഷ് സാഖ്യ (36), സര്‍വ്വേഷ്, (25), അതീഖ് (31), രാം ഓത്തര്‍ എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചരണ്‍ സിംഗ്, ശോഭരണ്‍ സിംഗ്(60), ചിനി(30) എന്നിവര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വിപിന്‍(40) എന്നയാള്‍ ആഗ്ര മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണമടഞ്ഞതെന്ന് ഡിഐജി ഗോവിന്ദ് അഗര്‍വാള്‍ അറിയിച്ചു. ധര്‍മ്മപാല്‍, പ്രമോദ് യാദവ്, മഹിപാല്‍, രാം സിംഗ് എന്നിവര്‍ പ്രദേശത്തെ വിവിധ ആശുപത്രികളില്‍ വച്ചാണ് മരിച്ചത്.
സംഭവത്തില്‍ കുറ്റക്കാരനായ ശ്രീപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പം വ്യാജമദ്യം കഴിച്ച മറ്റ് 12 പേര് കൂടി വ്യാജമദ്യം കഴിച്ചിരുന്നുവെന്നും ഇവരില്‍ ആറ് പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു എന്നും നാട്ടുകാര്‍ പറഞ്ഞു. രോഷാകുലരായ നാട്ടുകാര്‍ ദുരന്തത്തില്‍ മരിച്ച അതീഖ്, രമേശ് എന്നിവരുടെ മൃതദേഹങ്ങളുമായി എത്താ-ഫറൂഖാബാദ് റോഡ് ഉപരോധിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.