തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല നാളെ അധികാരമേല്‍ക്കും
|ജാനകി രാമചന്ദ്രനും ജയലളിതക്കും പിന്നാലെ തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദവിയിലെത്തുന്ന മൂന്നാമെത്തെ വനിതയാണ് ശശികല
തമിഴ്നാട് മുഖ്യമന്ത്രിയായി വി കെ ശശികല നാളെ അധികാരമേല്‍ക്കും. രാവിലെ ഒന്‍പതിന് മദ്രാസ് സര്‍വകലാശാല സെന്റിനറി ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
തമിഴ്നാടിന്‍റെ എട്ടാമത് മുഖ്യമന്ത്രിയായാണ് വി കെ ശശികല ചുമതലയേല്‍ക്കുക. ജാനകി രാമചന്ദ്രനും ജയലളിതക്കും പിന്നാലെ തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദവിയിലെത്തുന്ന മൂന്നാമെത്തെ വനിതയാണ് അറുപത്തിയൊന്നുകാരിയായ ശശികല. ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തിലേക്കും തുടര്‍ന്ന് മുഖ്യമന്ത്രി പദവിയിലേക്കും എളുപ്പത്തില്‍ കടന്നുവന്ന ശശികലക്ക് ഇനിയുള്ള നാളുകള്‍ ഏറെ സങ്കീര്‍ണ്ണവും നിര്‍ണ്ണായകവുമാണ്.
ശശികല ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജിയിലെ സുപ്രീം കോടതി വിധിയാണ് ശശികലക്ക് മുന്നിലെ ആദ്യ കടമ്പ. 2015 മെയിലാണ് കര്‍ണ്ണാടക ഹൈക്കോടതി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത, വളര്‍ത്തു മകന്‍ സുധാകരന്‍, സഹായി ശശികല എന്നിവരെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ജൂണില്‍ തന്നെ സുപ്രിംകോടതി വാദം പൂര്‍ത്തിയാക്കിയെങ്കിലും ജയലളിത ഗുരുതരാവസ്ഥയിലായതോടെ വിധി പറയുന്നത് അനിശ്ചിതകാലത്തേക്ക് കോടതി മാറ്റുകയായിരുന്നു.
എന്നാല്‍ ശശികല നടരാജന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കര്‍ണ്ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ന് കോടതിയില്‍ ഉന്നയിച്ചു. ഈ സമയത്താണ് ഒരാഴ്ച്ചക്കകം കേസില്‍ വിധി പറയുമെന്ന് കോടതി അറിയിച്ചത്.