കന്നുകാലി കച്ചവടക്കാര്‍ക്കെതിരായ അതിക്രമം: കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശം
|വിവിധ സംസ്ഥാനങ്ങളില്‍ കന്നുകാലി കച്ചവടക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് കൈകഴുകാനാവില്ലെന്ന് രാജ്യസഭയില്‍ വിമര്‍ശം
വിവിധ സംസ്ഥാനങ്ങളില്‍ കന്നുകാലി കച്ചവടക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് കൈകഴുകാനാവില്ലെന്ന് രാജ്യസഭയില്‍ വിമര്‍ശം. ഈ വിഷയത്തില്‍ സിപിഎം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേല് നടന്ന ചര്‍ച്ചയിലാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശമുന്നയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയോ കുറ്റക്കാരെ സംരക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു പറഞ്ഞു. രാജ്യത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്നുള്ള സ്ഥിതി വിശേഷം ലോക് സഭ ചര്‍ച്ച ചെയ്തു.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി സഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് രാജ്യസഭ ഇന്നും പ്രക്ഷുബ്ധമായി. ശൂന്യവേളയില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയാണ് വിഷയം ഉന്നയിച്ചത്. അംഗങ്ങള്‍ ബഹളമുയര്ത്തിയതിനെ തുടര്‍ന്ന് വിഷയം ക്രമപ്രശ്നമായി അവതരിപ്പിയ്ക്കാന്‍ അനുവദിയ്ക്കാമെന്ന് സ്പീക്കര്‍ റൂളിങ്ങ് നല്കി. വിജയ് മല്യയ്ക്കെതിരെ നടപടിയെടുക്കണമെന്നും ശൂന്യവേളയില്‍ ഏതാനും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ കന്നുകാലിക്കച്ചവടക്കാര്ക്കെതിരെ നടക്കുന്ന ആക്രമണളെക്കുറിച്ച് സിപിഎം അംഗം തപന്‍സെന്‍ രാജ്യസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു. ഝാര്‍ഖണ്ഡില്‍ മുസ്ലിങ്ങളായ കന്നുകാലി കച്ചവടക്കാരെ കൊന്നു കെട്ടിത്തൂക്കിയതും ഉത്തര്‍ പ്രദേശില്‍ മാട്ടിറച്ചി കഴിച്ച മുഹമ്മദ് അഖ് ലാഖിനെ അടിച്ചു കൊലപ്പെടുത്തിയതും തപന്‍സെന്‍ ഉന്നയിച്ചു. ഉത്തരേന്ത്യ മുതല്‍ ദക്ഷിണേന്ത്യ വരെ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ആക്രമണങ്ങളില്‍ ക്രമസമാധാന ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നു പറഞ്ഞ് കേന്ദ്ര സര്‍ക്കാരിന് കൈകഴുകി മാറി നില്‍ക്കാനാവില്ലെന്ന് തപന്‍സെന്‍ പറഞ്ഞു,
ഡി രാജ, ഗുലാം നബി ആസാദ് തുടങ്ങിയവരും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറി നിന്നിട്ടില്ലെന്നും ആരെയും സംരക്ഷിച്ചിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു മറുപടിയില്‍ പറഞ്ഞു. രാജ്യത്തെ രൂക്ഷമായ വരള്ച്ചയെത്തുടര്ന്നുള്ള സ്ഥിതി വിശേഷം ലോക്സഭ ചര്‍ച്ച ചെയ്തു. ജനങ്ങളുടെ ദുരിതം പരിഹരിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. 2016 ലെ ധനബില്ലും ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്റപ്റ്റ്സി ബില്ലും ലോക്സഭ പാസ്സാക്കി.