കോള്‍ ഡ്രോപ്; കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ റദ്ദാക്കി
|പിഴ ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി.
ടെലഫോണ്‍ സംഭാഷണം മുറിഞ്ഞുപോകുന്നതിന് കന്പനികള്‍ക്ക് ട്രായ് ഏര്‍പ്പെടുത്തിയ പിഴ സുപ്രീംകോടതി റദ്ദാക്കി. പിഴ ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി. പിഴ ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
തടസപ്പെടുന്ന ഓരോ കോളിനും ഒരു രൂപ വീതം പിഴ ഈടാക്കാനായിരുന്നു നേരത്തെ ട്രായ് തീരുമാനിച്ചിരുന്നത്. ജനുവരി 1 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നഷ്ടപരിഹാരം ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ കോള്‍ മുറിയുന്നതിന് പിഴ ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. പിഴ ഈടാക്കുന്ന നടപടി പ്രശ്നപരിഹാരമുണ്ടാക്കില്ലെന്നും ഇത് ചൂഷണത്തിന് കാരണമാകുമെന്നും ടെലികോം കമ്പനികള്‍ സുപ്രിംകോടതിയെ ബോധിപ്പിച്ചു.
നേരത്തെ ട്രായിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് രാജ്യത്തെ 21 മൊബൈല്‍ കമ്പനികളും ഫോണ്‍ സേവനദാതാക്കളുടെ സംഘടനയും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കോള്‍ മുറിയുന്നതിന് കാരണം മൊബൈല്‍ ഫോണ്‍ കമ്പനികളുടെ സാങ്കേതിക പ്രശ്‌നം കൊണ്ടാണെന്ന് തെളിയിക്കാന്‍ ട്രായ്ക്ക് കഴിഞ്ഞില്ല. ഏതെങ്കിലും തരത്തിലുള്ള പഠനം ഇതുസംബന്ധിച്ച് നടന്നിട്ടില്ലെന്നും മൊബൈല്‍ കമ്പനികള്‍ വാദിച്ചു. ഉപഭോക്താക്കളുടെ നിരന്തര പരാതിയുടെ അടിസ്ഥാനത്തിലാണ് കോള്‍ മുറിയലിന് പിഴ ഏര്‍പ്പെടുത്താന്‍ ട്രായ് തീരുമാനിച്ചത്. പക്ഷെ, ഇക്കാര്യത്തില്‍ വേണ്ടത്ര സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്തത് മൊബൈല്‍ കമ്പനികള്‍ക്ക് ഗുണമായി.