പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ധമാവും
|കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന്മേല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ധമാവും. സ്മൃതി ഇറാനിയ്ക്കെതിരെ ഇരുസഭകളിലും പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കിയിട്ടുണ്ട്
കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന്മേല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ധമാവും. സ്മൃതി ഇറാനിയ്ക്കെതിരെ ഇരുസഭകളിലും പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനിടെ പ്രതിപക്ഷത്തെ നേരിടാന്‍ കേന്ദ്രമന്ത്രി ബണ്ഡാരു ദത്താത്രേയയും ലോക്സഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെയാണ് നോട്ടീസ്.
ലോക്സഭയിലും രാജ്യസഭയിലും നടന്ന ചര്‍ച്ചകളില്‍ ഇടപെട്ട് സംസാരിച്ച സ്മൃതി ഇറാനി രോഹിത് വെമുലയുടെ മരണം രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചിരുന്നു. രോഹിതിന്റെ ശരീരം മണിക്കൂറുകളോളം വൈദ്യപരിശോധന ലഭ്യമാക്കാതെ കിടത്തിയെന്നും യഥാ സമയം ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ രോഹിതിനെ രക്ഷിയ്ക്കാമായിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. എന്നാല്‍ സ്മൃതി ഇറാനി പറഞ്ഞത് തെറ്റാണെന്നും യൂണിവേഴ്സിറ്റിയക്കടുത്ത ആരോഗ്യ കേന്ദ്രത്തിലെ ഡേക്ടര്‍ എത്തി പരിശോധിച്ച് രോഹിത് വെമുലയുടെ മരണം സ്ഥിരീകരിച്ചതാണെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. ഇതിനെത്തുടര്‍ന്നാണ് സ്മൃതി ഇറാനി സഭയില്‍ നുണ പറഞ്ഞുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയത്. ഇരുസഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ അവകാശലംഘന നോട്ടീസ് നല്‍കുകയും ചെയ്തു. ഡോക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള തെളിവുകളും സമൃതി ഇറാനി സഭയില്‍ പറഞ്ഞതിന്റെ രേഖകളും പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസുകള്‍ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഈ വിഷയം പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെ എങ്ങനെ നേരിടുമെന്ന കാര്യം എന്‍ഡിഎ പ്രത്യേകം യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തിരുന്നു. അതിന് ശേഷമാണ് കേന്ദ്രമന്ത്രി ബണ്ഡാരു ദത്താത്രേയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയത്. താന്‍ മാനവവിഭവശേഷി മന്ത്രാലയത്തിന് അയച്ച കത്തില്‍ രോഹിത് വെമുലയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും പ്രതിപക്ഷം തന്റെ പ്രതിച്ഛായയെ താറടിച്ച് കാണിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്നും ബണ്ഡാരു ദത്താത്രേയ ആരോപിച്ചു. പ്രതിപക്ഷവും ഭരണപക്ഷവും അവകാശലംഘന നോട്ടീസുകളുമായി പരസ്പരം വെല്ലുവിളിക്കുമ്പോള്‍ സഭാ സമ്മേളനം പ്രക്ഷുബ്ധമാവുമെന്ന് വ്യക്തമാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ഇരു സഭകളുടെയും പരിഗണനാ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ചര്‍ച്ച നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും.